തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് മണിക്കൂറില്‍ 13 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
നിലവില്‍ 12.3°N അക്ഷാംശത്തിലും 72.8°E രേഖാംശത്തിലും ലക്ഷദ്വീപിലെ അമിനിദിവിയില്‍ നിന്ന് 130 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് 200 കിമീ ദൂരത്തും കോഴിക്കോട് നിന്ന് വടക്ക്-പടിഞ്ഞാറ് 340 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ശക്തമായ ചുഴലിക്കാറ്റ് എന്നത് കാറ്റിന്റെ പരമാവധി വേഗത 90 കിമീ മുതല്‍ 117 കിമീ വരെയുള്ള ഘട്ടമാണ്. ഇന്ന് രാത്രിയോടെ മഹ ചുഴലിക്കാറ്റ് മധ്യ-കിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.
സംസ്ഥാനത്ത് വിവിധ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. വടകരയില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടു ബോട്ടുകളില്‍ ആറുപേരെ കാണാതായിരുന്നു. വടകര ചോമ്പാലയിലേക്ക് പോയ ‘ലഡാക് ‘ എന്ന ബോട്ടും 2 പേരുമായി അഴിത്തലയില്‍ നിന്ന് പോയ ‘തൗഫീക് ‘ ബോട്ടുമാണ് കാണാതായത്. ഇവരെ ഏഴിമലയ്ക്ക് സമീപം കണ്ടെത്തി.
ചാവക്കാട് നിന്നും പോയ ഒരു ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്ന് ഒരാളെ കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡിന് കൈമാറി. കാണാതായ തിരുവനന്തപുരം സ്വദേശിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് കനത്തമഴയില്‍ ചെല്ലാനം, എടവനക്കാട്, ഞാറക്കല്‍, ഫോര്‍ട്ട്കൊച്ചി, പൊന്നാനി, എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. തീരപ്രദേശത്തെ വിവിധ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
പൊന്നാനിയില്‍ 150 ല്‍ അധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടിത്തം പൂര്‍ണ്ണമായും നിരോധിച്ചു. ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദ്ദേശം നല്കി.ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.