വയനാട്: വൈത്തിരിയില്‍ പൊലീസ് വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടര്‍ എ.ആര്‍ അജയകുമാറിനാണ് അന്വേഷണ ചുമതല. വ്യാജ ഏറ്റുമുട്ടലിലാണ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ ആരോപിച്ചിരുന്നു.
വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പിലാണ് മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജലീലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും വെടിവച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും ജലീലിന്റെ സഹോദരന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് സി.പി. ജലീല്‍. ജലീലിന്റെ മരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മൂന്നിടത്ത് ജലീലിന് വെടിയേറ്റിട്ടുണ്ടെന്ന് എക്‌സറേ പരിശോധനയിലും കണ്ടെത്തിയിരുന്നു.