പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്. ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസിലെ പതിനാറാം പ്രതി മുനീറിന് ഒഴികെ മറ്റ് പ്രതികള്‍ക്കാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. പതിനാറാം പ്രതിക്ക് മൂന്നു മാസം വെറും തടവോ 500 രൂപ പിഴയോ അടച്ചാല്‍ മതി. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽനിന്ന് മുക്തനാകാം.
കേസില്‍ രണ്ട് മുതല്‍ 15 വരെ പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയൈാണ് പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാര്‍ ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്. ഇവര്‍ക്ക് 1.05 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ഇതില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.
സമൂഹ മനസാക്ഷിയെ നടുക്കിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് ഇന്നലെ മണ്ണാര്‍ക്കാട് എസ്‌സി-ഫഎസ്ടി കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ലാതെ നടത്തിയ നരഹത്യ കുറ്റമാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദനം തുടങ്ങിയവയ്ക്കു പുറമേ പട്ടികജാതി – വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.
കേസില്‍ ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. 11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനം.
അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരവധി പ്രതിസന്ധികള്‍ മറികടന്ന് മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. കേസില്‍ വിസ്തരിച്ച സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. 10 മുതല്‍ 17 വരെ സാക്ഷികള്‍ മജിസ്ട്രേട്ടിനു മുന്‍പില്‍ രഹസ്യമൊഴി നല്‍കിയവരാണ്. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയത്.