അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മുക്കാലി സ്വദേശികളായ 16 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ടാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. മറ്റ് പതിനൊന്ന് പ്രതികളെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. അതേസമയം വനംവകുപ്പ് ബീറ്റ് ഓഫീസറാണ് മധുവിന്റെ താമസസ്ഥലം പ്രതികൾക്ക് കാട്ടിക്കൊടുത്തതെന്ന് മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിചേർക്കും.
ആദിവാസികൾക്കല്ലാതെ മറ്റാർക്കും കാട്ടിലേക്ക് പ്രവേശിക്കാൻ അനുമതി ഇല്ലെന്നിരിക്കെ, മധുവിന്റെ വാസസ്ഥലത്തേക്ക് പോയവർക്കെതിരെ വന സംരക്ഷണ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.
അതേസമയം മുഴുവൻ പ്രതികളും പിടിയിലായതോടെ ആദിവാസികൾ റോഡ് ഉപരോധത്തിൽ നിന്ന് പിന്മാറി. മുക്കാലിയിലാണ് ആദിവാസികൾ റോഡ് ഉപരോധിച്ച് സമരം ചെയ്തിരുന്നത്. നേരത്തേ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ ആദിവാസി സംഘടനകൾ മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം മധുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകിയത്. പൊലീസ് സർജന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. അഗളിയിലെ പൊതുദർശനത്തിനുശേഷം മൃതദേഹവുമായി പോയപ്പോഴാണു മുക്കാലിയിൽ പ്രതിഷേധക്കാർ മൃതദേഹം തടഞ്ഞത്.