കോട്ടയം: രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റായ വിവരങ്ങളുടെയും വികലമായ ധാരണയുടെയും ഫലമാണെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.
ഇതിനു പകരം ശുദ്ധജല ആവാസവ്യവസ്ഥ പരിരക്ഷിക്കാനുള്ള നിർദ്ദേശമാണു വേണ്ടിയിരുന്നതെന്ന് മനോരമ ഇയർബുക്കിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രകൃതിസംരക്ഷണ സംവിധാനങ്ങളെല്ലാം അപര്യാപ്തമാണെന്നും പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ധസമിതി (ഗാഡ്ഗിൽ കമ്മിറ്റി) റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
“മേഖലകളെ സംവേദനക്ഷമതയുടെ അടിസ്ഥാനത്തിൽ തീവ്രം, ഇടത്തരം, സൗമ്യം എന്നിങ്ങനെ തിരിക്കണം. ഇതടിസ്ഥാനമാക്കി വേണം സംരക്ഷണ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത്. ഭൗമോപരിതലം, ചരിവ്, മഴലഭ്യത, സ്വാഭാവിക വാസസ്ഥാനങ്ങൾ, സസ്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഈ യാഥാർഥ്യങ്ങളെക്കുറിച്ച് നഗരവാസികളായ പ്രകൃതി സംരക്ഷകൾക്ക് ഒരറിവുമില്ലെന്നതു നിർഭാഗ്യകരമാണ്,” പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേശക സമിതി അംഗം കൂടിയായിരുന്ന ഗാഡ്ഗിൽ കുറ്റപ്പെടുത്തി.
“ശുദ്ധജല ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഉടനടി വേണ്ടത്. ഏറ്റവും ഭീഷണി നേരിടുന്ന വാസസ്ഥാനങ്ങളെ സമഗ്രമായാണ് വീക്ഷിക്കേണ്ടത്. അരുവികൾ, കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവയാണ് അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടത്. ഉഷ്ണമേഖലാ പ്രദേശങ്ങളും ഉണങ്ങിയ വനങ്ങളുമാണ് അടുത്തത്. നിത്യഹരിത വനങ്ങൾ, നിബിഡ വനങ്ങൾ എന്നിവയ്ക്ക് താരതമ്യേന ഭീഷണി കുറവായതിനാൽ അവയ്ക്കു മുൻഗണന നൽകേണ്ടതില്ല. പ്രകൃതിസംരക്ഷണത്തിന്റെ ഇപ്പോഴത്തെ ഊന്നൽ തന്നെ വികലമാണ്, ഏജൻസി (വനം വകുപ്പ്) നടത്തുന്ന പ്രവർത്തനങ്ങൾ പര്യാപ്തമല്ല,” സെന്റർ ഫോർ ഇക്കളോജിക്കൽ സയൻസസിന്റെ സ്ഥാപകൻ കൂടിയായ ഗാഡ്ഗിൽ പറഞ്ഞു.
വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, സംരക്ഷിത വനങ്ങൾ എന്നിവയിലൂടെ രാജ്യത്തെ പ്രകൃതി, ജൈവ, പരിസ്ഥിതി വാസസ്ഥാനങ്ങൾ സംരക്ഷിക്കപ്പെടുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനം വകുപ്പാണ് ഇതു നടപ്പാക്കുന്നതിനു യോജിച്ച സ്ഥാപനമെന്നാണ് പൊതുധാരണ. ഇത് രണ്ടും തെറ്റാണ്. വനസംരക്ഷണത്തിന് വനംവകുപ്പിന്റെയല്ല പ്രദേശവാസികളുടെ സഹായസഹകരണങ്ങളാണ് പ്രധാനമായി വേണ്ടത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ മേഖലയുടെയും ജൈവവൈവിധ്യം എങ്ങിനെ സംരക്ഷിക്കണമെന്ന് ജൈവവൈവിധ്യ നിയമം (2002) നിഷ്കർഷിക്കുന്നുണ്ട്. പ്രാദേശികതലത്തിൽ ജൈവവൈവിധ്യ സംരക്ഷണസമിതികൾ രൂപീകരിക്കണമെന്നും ഇതിൽ നിർദ്ദേശമുണ്ട്. രാജ്യത്തെ നദികളിലെ രൂക്ഷമായ മലിനീകരണം, ശുദ്ധജല സ്രോതസ്സുകളുടെ വിനാശം എന്നീ ഭീഷണികൾ നേരിടാൻ സത്വര നടപടികൾ ആവശ്യമാണെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
Also Read: കളര്‍ ഫൊട്ടോസ്റ്റാറ്റ് തട്ടിപ്പ് ഇനി നടപ്പില്ല; ഓണത്തോടെ വ്യാജ ടിക്കറ്റ് ‘കീറാന്‍’ ലോട്ടറി വകുപ്പ്