തിരുവനന്തപുരം: നടി മാലാ പാർവ്വതിയുടെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ.കെ.ലളിത (85) അന്തരിച്ചു. പട്ടം എസ് യു ടി ആശുപത്രിയില്‍ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിന്റെ സ്ഥാപകാംഗവും ദീർഘനാൾ സെക്രട്ടറിയുമായിരുന്ന പരേതനായ സി.വി.ത്രിവിക്രമനാണ് ഭർത്താവ്. കുമാരനാശാന്റെ ജീവചരിത്രം എഴുതിയ സി.ഒ. കേശവന്റെയും ഭാനുമതി അമ്മയുടെയും മകളാണ് ലളിത. മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതിഅമ്മ ആശാന്റെ മരണശേഷം 13 വർഷം കഴിഞ്ഞാണ് സി.ഒ.കേശവനെ വിവാഹം ചെയ്യുന്നത്. ആ വിവാഹത്തിലൂടെ പിറന്ന നാലു മക്കളിൽ മൂത്തമകളാണ് ഡോ.ലളിത.
1946 ലാണ് ഡോ.ലളിത തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ്എടി സൂപ്രണ്ടും ഗൈനക്കോളജി മേധാവിയായും സേവനമനുഷ്ഠിച്ചു. 1992 ലാണ് സർവ്വീസിൽനിന്ന് വിരമിച്ചത്.
മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ്.കുമാരൻ, നടി മാലാ പാർവ്വതി എന്നിവരാണ് മക്കൾ.