അജ്മാൻ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിക്കെതിരായ ചെക്ക് കേസിൽ യാതൊരുവിധത്തിലും ഇടപ്പെടില്ലെന്ന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. യുഎഇയിലെ കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഏതെങ്കിലും തരത്തിൽ ഇടപ്പെടുകയോ, ഇടപ്പെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളിക്ക് ജയിൽമോചിതനാകാൻ ജാമ്യത്തുക നൽകി എന്നതുമാത്രമാണ് ചെക്ക് കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കുള്ള ഏക ബന്ധമെന്ന് ഓഫീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

Also Read: പണം നൽകാതെ എങ്ങനെയാണ് ഒത്തുതീർപ്പിന് ഉദ്ദേശിക്കുന്നത്; തുഷാറിനെതിരെ നിലപാട് കടുപ്പിച്ച് പരാതിക്കാരൻ

വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യിൽ നിലനിൽക്കുന്നത്. കേസുകളിൽ ഒരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളൂവെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.

Also Read: ബൈജു ഗോകുലം ഗോപാലൻ യുഎഇയിൽ അറസ്റ്റിൽ

അതേസമയം സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനുള്ള ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി. ഇതിനായി തുഷാര്‍ കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ അപേക്ഷ അജ്മാന്‍ കോടതി ബുധനാഴ്ച തള്ളി. തുഷാറിന്റെ കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന്‍ പ്രോസിക്യൂട്ടറുടെ നടപടി .

Also Read: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല, സഹായിച്ചവര്‍ക്ക് നന്ദി: തുഷാര്‍ വെള്ളാപ്പള്ളി

ഓഗസ്റ്റ് 21നാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ തുഷാറിന് ജാമ്യം ലഭിച്ചു. ഇതിനായി പണം നൽകിയത് എം.എ.യൂസഫലി ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.