കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് തുക നല്‍കിയത്.
കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണ് യൂസഫലി ഇക്കാര്യമറിയിച്ചത്. യൂസഫലി തന്നെ വിളിച്ചിരുന്നതായും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചെക്ക് നല്‍കിയതായും കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ അറിയിച്ചു. ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാന്‍ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനിലേക്കാണ് യൂസഫലിയുടെ സഹായം. ഇതിലേക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും ആവശ്യപ്പെട്ടതായി മേയര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നതായും നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ ക്ലീന്‍ ഗ്രീന്‍ കൊച്ചി പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കുമെന്നും നമുക്കൊന്നിച്ച് കൊച്ചിയുടെ മുഖം കൂടുതല്‍ സുന്ദരമാക്കാമെന്നും മേയര്‍ കുറിച്ചു.