പത്തനാപുരം: പ്രായമായവരെ സംരക്ഷിക്കുന്നതില്‍ മലയാളികള്‍ ഏറെ പിന്നിലാണെന്ന് ഡോ. എം.എ യൂസഫലി. സാക്ഷരതയിലും, സംസ്കാരത്തിലും ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്നവരായിട്ടും പ്രായമുളളവരെ പരിഗണിക്കുന്നതില്‍ നമ്മള്‍ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സംസ്കാരത്തിന്റെ ഇറക്കുമതിയാണ് മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കുന്നത്​. കുടുംബബന്ധങ്ങളുടെ ആഴം കുറയുകയാണ്. കുട്ടികള്‍ പോലും സാമൂഹ്യമാധ്യമങ്ങളുടെ പിടിയിലാണ്. ബന്ധങ്ങള്‍ക്ക് ഇന്ന് വില കല്പിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിഭവനില്‍ ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന ബഹുനില മന്ദിരത്തി​ന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 250 കിടക്കകളോടെ പൂർണമായും ശീതീകരിച്ച മൂന്നുനില കെട്ടിടമാണ് ഇവിടെ നിർമിക്കുന്നത്. അത്യാധുനികമായ ആശുപത്രി സംവിധാനങ്ങള്‍, പ്രാർഥനാമുറികള്‍, വിനോദത്തിനുള്ള ഹാളുകള്‍, മികച്ച ലൈബ്രറി, ലിഫ്റ്റ് സംവിധാനം എന്നിവയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഗാന്ധിഭവനു സമീപം ഒരേക്കര്‍ ഭൂമിയില്‍ 40,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമാണം. എട്ടു മാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കി ഗാന്ധിഭവന് കൈമാറാനാണ് ലക്ഷ്യമിടുന്നത്.

ലുലു മാള്‍ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ എഞ്ചിനീയറിംഗ് ടീമായിരിക്കും ബഹുനില മന്ദിരം പത്തനാപുരത്ത് നിര്‍മ്മിക്കുകയെന്ന് ചടങ്ങില്‍ യൂസഫലി അറിയിച്ചു.. ഏഴ് കോടിയോളം രൂപയാണ് ബഹുനില മന്ദിരത്തിന് ആദ്യം ചിലവ് പറഞ്ഞതെന്നും നിലവില്‍ അത് പത്ത് കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും ഇനി അത് എത്ര തന്നെയായാലും മുഴുവന്‍ തുകയും താന്‍ തന്നെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.