ദുബായ്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി എം.എ.യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്ന് അദ്ദേഹം ദുബായിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ല. ഇ.ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാടിന്റെ പശ്ചാത്തലത്തിൽ എം.എ.യൂസഫലിക്ക് ഇ.ഡി നോട്ടിസ് അയച്ചുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രാജ്യത്തിനകത്തും ശമ്പളം കൊടുക്കുന്ന സ്ഥാപനമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണ്. വിമർശനങ്ങൾ കേട്ട് പിന്തിരിയുന്ന ആളല്ല. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താൻ കഴിയില്ല. ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും നിക്ഷേപ സംരംഭങ്ങളില്‍ നിന്നും ഈ ആരോപണങ്ങൾ തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നോർക്കയിൽ തന്നെ നിയമിക്കാനുള്ള നീക്കത്തെ എതിർത്തത് യൂസഫലിയായിരുന്നുവെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിട്ടുണ്ട്. യൂസഫലി തന്നെ അപകടപ്പെടുത്താൻ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായും സ്വപ്ന അടുത്തിടെ ആരോപിച്ചിരുന്നു. ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സി.എം.രവീന്ദ്രനോട് പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്‍റെ ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു.