കൊച്ചി: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ പ്രതിഷേധവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കേസെടുത്ത നടപടി പുനപരിശോദിക്കണമെന്ന് എം.എ.ബേബി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read More: ഭരണകൂട ഭീകരതയെന്ന് അലനും താഹയും, സിപിഎം പ്രവര്‍ത്തകര്‍ റിമാൻഡിൽ
യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ലെന്നും പക്ഷെ കേരളത്തിലെ ചില പൊലീസുകാര്‍ക്ക് അത് മനസിലായിട്ടില്ലെന്നും ബേബി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തങ്ങള്‍ക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തങ്ങളുടെ പക്കല്‍ നിന്നും ലഘുലേഖകള്‍ കണ്ടെത്തിയിട്ടില്ലെന്നും ചുമത്തിയത് കള്ളക്കേസാണെന്നും ഇരുവരും പറഞ്ഞു.
സിഗരറ്റ് വലിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന തങ്ങളെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നാണ് താഹ പറയുന്നത്. സ്റ്റേഷനില്‍ വച്ച് തങ്ങളെ മര്‍ദിച്ചതായും താഹ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടു പോകുമ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം.
Also Read: എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് ഭൂഷണമല്ല; യുഎപിഎ ചുമത്തിയതിനെതിരെ കാനം
അതേസമയം, ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് അലനേയും താഹയേയും കോടതി റിമാന്‍ഡ് ചെയ്തത്. സിപിഎം തിരുവണ്ണൂര്‍ മിനി ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അലന്‍ ഷുഹൈബ്. പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താഹ ഫസല്‍. യുഎപിഎ 20,38, 39 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.