കഴിഞ്ഞ സംഭവങ്ങളെ കുറിച്ച് ആരെയെങ്കിലും താറടിക്കാനുളള ചർച്ചകൾ ഇനി അനാരോഗ്യകരമാണെന്ന് സി പി​എം പൊളിറ്റ് ബ്യൂറോ എം എ ബേബി അഭിപ്രായപ്പെട്ടു.തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ ദുർവ്യാഖാനം ചെയ്ത് പാർട്ടി ഇരുവിഭാഗമായി പോരാടാൻ പോകുന്നു എന്ന് മനപ്പായസമുണ്ണുന്ന പാർട്ടി വിരുദ്ധർ നിരാശപ്പെടുമെന്ന് അദ്ദേഹമെഴുതുന്നു. മഹിജയ്ക്കും കുടുംബാംഗങ്ങളൾക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിനെ വിമർശിച്ച് ബേബി എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റും അതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്. കഴിഞ്ഞ കാര്യങ്ങളെ മുഴുവൻ വിശദീകരിക്കുന്നതാണ് ഈ പോസ്റ്റ്.

നിരാഹാര സമരം പിൻവലിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹിജയെ സന്ദർശിച്ചിരുന്നു ബേബി. ആ സന്ദർശനത്തിന്റെ ചിത്രത്തോടൊപ്പമാണ് പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നിട്ടുളളത്.

mahija, baby, mv govindan

സി പി എം നേതാക്കളായ എം എ ബേബിയും എം വി ഗോവിന്ദനും മഹിജയെ സന്ദര്‍ശിച്ചപ്പോള്‍

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തി വന്ന നിരാഹാരസമരം ഒത്തുതീർപ്പാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ചാണ് ബേബിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

“വളരെ മാതൃകാപരമായാണ് ഈ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി എടുത്തത്. ജിഷ്ണു പ്രണോയിയുടെ കേസിലെ മുഖ്യപ്രതി ശക്തിവേലിനെ അറസ്റ്റ് ചെയ്തതും സർക്കാരിൻറെ ഇച്ഛാശക്തിയെ കാണിക്കുന്നു. മറ്റു പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യും. കേരളത്തിലെ കുത്തഴിഞ്ഞ സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ അരാജകത്വം ഇല്ലാതാക്കി അവരുടെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ ആവുന്നതെല്ലാം ഈ സർക്കാർ ചെയ്യും. ഈയടുത്ത കാലത്തുണ്ടായ ചില കോടതിവിധികളുടെ സഹായവും ഇക്കാര്യത്തിൽ സർക്കാരിനുണ്ട്.” എന്നെഴുതിയ ശേഷമാണ് അദ്ദേഹം തന്റെ മുൻ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിലേയ്ക്കും അതിന്റെ വിശദീകരണത്തിലേയ്ക്കും കടന്നത്.

Read More:ജിഷ്ണുവിന്റെ അമ്മയോടുളള പരാക്രമം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണം എം എ ബേബി

“ഈ കേസുമായി ബന്ധപ്പെട്ട് ഞാൻ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിനെ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫ് – ബിജെപി നേതൃത്വവും വളച്ചൊടിക്കുകയാണുണ്ടായത്. ഞാൻ പറഞ്ഞ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത് കെപിസിസി പ്രസിഡണ്ട് എം എം ഹസനും ബിജെപി പ്രസിഡണ്ട് കുമ്മനം രാജശശേഖരനും രംഗത്ത് വന്നിട്ടുണ്ട്. മഹിജയോട് പൊലീസ് ധാർഷ്ട്യത്തോടെ പെരുമാറി എന്ന് എം എ ബേബി പറഞ്ഞതിനെക്കുറിച്ച് എന്താണഭിപ്രായം എന്നാണ് മുഖ്യമന്ത്രിയോട് മാധ്യമപ്രതിനിധികൾ ചോദിച്ചത്. എന്നാൽ എൻറെ പോസ്റ്റിൽ ധാർഷ്ട്യം എന്ന ഒരു വാക്കേ ഇല്ല എന്ന് അത് വായിച്ചിട്ടുള്ളവർക്കറിയാം. മലപ്പുറത്തെ ഒരു തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് പോകുന്ന വഴിക്ക് ചില ചാനലുകൾ ഇക്കാര്യത്തെക്കുറിച്ച് എൻറെ പ്രതികരണം ചോദിച്ചപ്പോൾ, ഒരു കാര്യത്തെക്കുറിച്ച് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചാൽ പിന്നെ അതിന്മേൽ മാധ്യമങ്ങളോട് ഒരു ചർച്ചയ്ക്കുമില്ല എന്നുമാണ് ഞാൻ പറഞ്ഞത്. അതിൽ പുതുമയൊന്നുമില്ല. അതിനെ വ്യാഖ്യാനിച്ച് പാർട്ടി ഇരുവിഭാഗമായി പോരാടാൻ പോകുന്നു എന്ന് മനപ്പായസമുണ്ണുന്ന പാർട്ടി വിരുദ്ധർ നിരാശപ്പെടും. വികാരപരമായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് എന്ന് എം എ ബേബി പറഞ്ഞു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞാൻ ഇങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഞാൻ വികാരപരമായ സാഹചര്യത്തിലെഴുതി എന്നു പറയുന്നത് ഒരു മാധ്യമവും ദൃശ്യങ്ങളിൽ കാണിച്ചുമില്ല. മകൻ നഷ്ടപ്പെട്ട അമ്മയുടെ വികാരപരമായ സാഹചര്യത്തെക്കുറിച്ചാണ് ഞാൻ പരാമർശിച്ചത്. ഈ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ “ബേബി ഉന്നയിച്ചത് പൊതുവായ കാര്യങ്ങളാണല്ലോ” എന്നാണ് സഖാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്.” എന്ന് അദ്ദേഹം ആ സംഭവങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു.

“കേരളത്തിലെ പൊതുജനാഭിപ്രായത്തെ മാനിക്കുന്ന സർക്കാരും പാർട്ടിയുമാണ് ഞങ്ങളുടേത്. അതു കൂടെ പരിഗണിച്ചാണ് സമരം നടത്തിയ ബന്ധുക്കളുമായി ഒത്തുതീർപ്പ് ഒപ്പിട്ടത്. ജിഷ്ണു പ്രണോയിയുടേത് ഒരു പാർട്ടി കുടുംബവുമാണ്. ഇനിയും ഇത്തരം പ്രശ്നങ്ങളിൽ പാർട്ടിയും സർക്കാരും ജനങ്ങളുടെ പക്ഷത്തു തന്നെ നില്ക്കും. പൊലീസ് തുടങ്ങിയ ഭരണകൂടസംവിധാനങ്ങളുടെ മൗലിക മർദകസ്വഭാവത്തെക്കുറിച്ച് വിമർശനങ്ങളില്ലാത്തവരല്ല മാർക്സിസ്റ്റുകാർ. പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയാൽ നടത്തുന്ന വിമർശനം പാർട്ടിക്കോ പാർട്ടി നേതൃത്വം നല്കുന്ന സർക്കാരിനോ എതിരായ വിമർശനമല്ല. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റു എൽഡിഎഫ് നേതാക്കളും ഇടപെട്ട് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നിട്ടുണ്ട്. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ആരെയെങ്കിലും താറടിക്കാനുള്ള ചർച്ചകൾ ഇനി അനാരോഗ്യകരമാണ്. ജിഷ്ണു പ്രണോയിമാർ ഇനിയുണ്ടാകാതിരിക്കാൻ സർക്കാരും കേരള സമൂഹവും ഒരുമിച്ച് നീങ്ങുകയാണ് ഇനി വേണ്ടത്.” എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.