തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ റിമാന്റിലായിരുന്ന എം.വിൻസന്റ് എംഎൽഎയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ചോദ്യം ചെയ്യുന്നതിനാണ് എംഎൽഎ യെ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ കൈമാറിയത്.
അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ എംഎൽഎ യെ നാട്ടിൽ കൊണ്ടുനടന്ന് അപമാനിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് പ്രതിഭാഗം അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇതോടെയാണ് ഒരു ദിവസത്തെ കസ്റ്റഡി കാലാവധിയെന്ന തീരുമാനത്തിൽ നെയ്യാറ്റിൻകര കോടതി എത്തിയത്.
കൂടിയ അളവിൽ ഉറക്കഗുളിക കഴിച്ചാണ് പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയെ തിങ്കളാഴ്ച ബാലരാമപുരത്തെ വീട്ടിലേക്കു കൊണ്ടുവന്നു. എന്നാൽ ഇവരുടെ സമീപവാസികളായ സ്ത്രീകൾ വീട്ടമ്മയ്ക്ക് എതിരെ പ്രതിഷേധിച്ചു. എംഎൽഎയെ കള്ളപ്പരാതിയിൽ കുടുക്കിയെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം.
എംഎൽഎയെ സർക്കാർ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ബാലരാമപുരത്തു റോഡും ഉപരോധിച്ചിരുന്നു. അതേസമയം ഇന്ന് നടന്ന കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ എംഎൽഎയ്ക്ക് എതിരായ നടപടിയുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. കെപിസിസി അധ്യക്ഷൻ എംഎം ഹസ്സന്റെയും മുതിർന്ന നേതാക്കളുടെയും നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് ഉപാദ്ധ്യക്ഷൻ വി.ഡി.സതീശൻ രംഗത്ത് എത്തിയത്.
ആരോപണം ഉയർന്നപ്പോൾ ശക്തമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചവരാരും സംസാരിക്കാതിരുന്നത് തന്നെ ഞെട്ടിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. എന്നാൽ എം.വിൻസന്റ് എംഎൽഎ യെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചാണെന്ന് എംഎം ഹസ്സൻ വ്യക്തമാക്കി. ഇദ്ദേഹത്തെ സ്ഥാനങ്ങളിൽ നിന്ന് നീക്കും മുൻപ് ഉമ്മൻചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.