കൊച്ചി: കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.ബാബു മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് സ്വരാജ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് മതവികാരം ചൂഷണം ചെയ്തെന്നാണ് സ്വരാജിന്റെ വാദം. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ.ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പിലെ ‘അയ്യപ്പനൊരു വോട്ട്’ പരാമര്‍ശം പരിശോധിക്കുമെന്ന് പറഞ്ഞ ഹൈക്കോടതി കേസ് നിലനില്‍ക്കില്ലെന്ന കെ.ബാബുവിന്റെ വാദം തള്ളി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെ.ബാബുവിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസില്‍ വേനല്‍ക്കാല അവധിക്ക് ശേഷം കൂടുതല്‍ വാദം കേള്‍ക്കും.
എന്നാല്‍, വിധി തിരിച്ചടിയല്ലെന്നും നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും കെ.ബാബു എംഎല്‍എ പ്രതികരിച്ചു. കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. തടസസ്സ ഹര്‍ജിയില്‍ ഒരു ഭാഗം അംഗീകരിച്ചു. യുഡിഎഫ് സ്വാമി അയ്യപ്പന്റെ സ്ലിപ്പ് അടിച്ചിട്ടില്ല. ഈ സ്ലിപ്പ് കിട്ടിയെന്ന് ആദ്യം പറഞ്ഞത് ഒരു ഡിവൈഎഫ്ഐ നേതാവാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് കെ.ബാബു പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.ബാബു വിജയിച്ചത്. കേസ് മേയ് 24 ന് വീണ്ടും പരിഗണിക്കും