തിരുവനന്തപുരം: പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒരുക്കിയത് യുഡിഎഫിന് മറുപടി നൽകാനുള്ള വേദിയാണെന്ന് എം സ്വരാജ് എംഎൽഎ. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്നും സ്വരാജ് പരിഹസിച്ചു. ചില മാധ്യമങ്ങളുടെ പിന്തുണയോട് കൂടി കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ സ്വരാജ് സർക്കാരിനെതിരെ നടക്കുന്നത് വിഷം പുരട്ടിയ പ്രചരണമാണെന്നും കൂട്ടിച്ചേർത്തു.

“മാന്യതയുടെ മുഖം മൂടി അണിഞ്ഞ യുഡിഎഫ് തങ്ങളുടെ കാലത്തെ അഴിമതിയുടെ തീവെട്ടിക്കൊള്ളയെ പറ്റി മറന്ന് പോയി. പ്രമേയ അവതരണം നടത്തിയ വി.ഡി.സതീശന്‍ പോലും അവരുടെ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിച്ചത് തീവെട്ടിക്കൊള്ളയെന്നാണ്. പക്ഷെ പ്രമേയാവതാരകന്‍ ഈ അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരേ പോലും ആ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.”

Also Read: തിരിച്ചടിച്ച് ഭരണപക്ഷം; യുഡിഎഫ് കാലത്തെ കണ്‍സള്‍ട്ടന്‍സി ഉയർത്തി പ്രദീപ് കുമാർ

തീവെട്ടിക്കൊള്ള എന്ന പദം യുഡിഎഫിനെ ചേരൂ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി ഇന്നില്ല. എൽഡിഎഫും യുഡിഎഫും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടി നൽകുകയായിരുന്നു എം സ്വരാജ്.

കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നു. ജന വിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവരുടെ അസത്യങ്ങളെ അച്ചടി മഷി പുരട്ടിയും ദൃശ്യ ചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ചേർന്നാണ് ആ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. നിങ്ങളുടെ കാലത്തെ അഴിമതിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ ഈ സമയം മതിയാവില്ല. വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരിയില്‍ കയറി നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

Also Read: ‘സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’; അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്വാധീനം ചെലുത്തിയെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ലെന്ന് അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ രാജ്യദ്രോഹത്തിനു തെളിവ് പ്രതിപക്ഷത്തിന്റെ കൈയിലുണ്ടങ്കില്‍ അത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം. പ്രതിപക്ഷത്തിന് അക്കാര്യത്തില്‍ മുട്ടുവിറയ്ക്കും. ബിജെപി ആരോപണം അതേപടി ആവര്‍ത്തിക്കുകയാണ് രമേശ് ചെന്നിത്തലയെന്നും ശര്‍മ കൂട്ടിച്ചേർത്തു. മല എലിയെ പ്രസവിച്ചത് പോലെയാണ് സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയമെന്നും അദ്ദേഹം പരിഹസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.