കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇനി ചൊവ്വാഴ്ചയും ശിവശങ്കർ കസ്റ്റംസിനു മുന്നിൽ ഹാജരാവണം. 11 മണിക്കൂറോളമാണ് ശനിയാഴ്ച ചോദ്യം ചെയ്തൽ നീണ്ടത്. വെള്ളിയാഴ്ചയും ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. തുടർച്ചയായി രണ്ടാം ദിവസമാണ് ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്ക് ശിവശങ്കർ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തി. ഇന്നലെ കസ്റ്റംസ് ശിവശങ്കറിനെ പതിനൊന്ന് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Read More: ജോസ് കെ.മാണിയുടെ രാഷ്‌ട്രീയ പ്രഖ്യാപനം തിങ്കളാഴ്‌ച; ഇടത്തോട്ട് തന്നെയെന്ന് സൂചന
യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നും ഇന്നലത്തെ ചോദ്യം ചെയ്യലിൽ ശിവശങ്കര്‍ മറുപടി നല്‍കി. പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു ശിവശങ്കറിനോട് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ ശിവശങ്കർ രാത്രിയോടെയാണ് മടങ്ങിയത്.
2017ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജൻസികളുടെ അന്വേഷണം നടക്കുന്നത്. എം ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.