കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒൻപത് മണിക്കൂറിലേറെ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. ഇന്നു രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതു രണ്ടാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി.വന്ദന, ബെംഗളൂരുവിൽ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നും നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്.രാജീവ് പറഞ്ഞു. ശിവശങ്കർ തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. യുഎപിഎ നിലനിൽക്കാനുള്ള സാധ്യതയില്ല. സരിത്തിന്റെ മൊഴി ശിവശങ്കറിന് എതിരല്ല. സ്വർണക്കടത്ത് പിടിച്ച ശേഷം ശിവശങ്കർ പ്രതികളുമായി ബന്ധപ്പെട്ടിട്ടില്ല. എൻഐഎയുടെ ചോദ്യം ചെയ്യൽ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അഭിഭാഷകൻ പറഞ്ഞു.

രാവിലെ നാലരയോടെ അദ്ദേഹം പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച ശിവശങ്കർ രാവിലെ 9.30ഓടെയാണ് കൊച്ചിയിൽ എത്തിയത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.

Read Also: അസ്ഥിരപ്പെടുത്താൻ ശ്രമം; സംസ്ഥാന സർക്കാരിനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് കഴിഞ്ഞ മൂന്ന് തവണയും ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ഇടപെടൽ​ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വർണക്കടത്തിൽ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.

Read Also: ഫോളോവേഴ്സ് വിലമതിക്കാനാവാത്ത സമ്പാദ്യം, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്: അഹാന

അതേസമയം, സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കസ്റ്റംസ് പ്രതി ചേർത്തു. പ്രത്യക സാമ്പത്തിക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇരുവരും യഥാക്രമം പതിനേഴും പതിനെട്ടും പ്രതികളാണ്. സ്വർണക്കടത്തിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി.

കേസിലെ മറ്റൊരു പ്രതിയായ റമീസിന്റെ കസ്റ്റഡി അപേക്ഷ നീട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു. മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡി നീട്ടി നൽകണമെന്നായിരുന്നു അപേക്ഷയിൽ ആവശ്യപ്പെട്ടത്. റമീസിനെ ഓഗസ്റ്റ് 10 വരെ റിമാൻഡ് ചെയ്തു. സ്വപ്നയുടേയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കാനായി കോടതി മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.