തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ പരിശോധിക്കും. ആറുമാസത്തെ ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതി അപേക്ഷ നല്‍കി. ടെലികോം കമ്പനികളോടാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തുമായും ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെ ഫോൺ രേഖകൾ പുറത്തുവന്നിരുന്നു. ഇതേകുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്ക് മുഖ്യമന്ത്രി ചുമതല നൽകിയിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാർക്കിലെ നിയമനത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതി തന്നെയാണ് ഫോൺ രേഖകളെ കുറിച്ചും അന്വേഷിക്കുക.

എം.ശിവശങ്കറിനെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വസ്‌തുതാപരമായ കാര്യങ്ങൾ പുറത്തുവന്നാൽ ശിവശങ്കറിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യേണ്ട രീതിയിലേക്ക് എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “വിവാദ വനിതയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതുകൊണ്ടാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. മറ്റ് അന്വേഷണങ്ങൾ നടക്കുകയാണ്. കേസിൽ പിടിയിലായ രണ്ട് പേരുമായി ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടതായി ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന സമിതി ഇതേകുറിച്ച് അന്വേഷിക്കും. സസ്‌പെൻഡ് ചെയ്യാനുള്ള നിലയിലേക്ക് എത്തിയിട്ടില്ല. കേസിൽ ഏർപ്പെട്ടവരുമായി നിയതമായ രീതിയിലാണോ ശിവശങ്കർ ബന്ധപ്പെട്ടത് എന്ന് അന്വേഷിക്കും. റിപ്പാേർട്ട് ലഭിച്ചശേഷം നടപടികളിലേക്ക് കടക്കും,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: DHSE Kerala +2 Plus Two result 2020/CBSE Class 10th Result 2020: കേരള പ്ലസ് ടു, സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലങ്ങള്‍ ഇന്ന്

അതേസമയം, ശിവശങ്കറിനെ കസ്റ്റംസ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തു. ഇന്നലെ വെെകീട്ട് ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെ വരെ നീണ്ടു. സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. പുലർച്ചെ രണ്ടര വരെ ചോദ്യം ചെയ്യൽ തുടർന്നു. ഇതിനുശേഷം ശിവശങ്കറിനെ വീട്ടിലേക്ക് വിട്ടയച്ചു.

ഔദ്യോഗികമായ കാര്യങ്ങൾ സംസാരിക്കാനാണ് സ്വപ്‌നയും സരിത്തുമായി ബന്ധപ്പെട്ടതെന്ന് ശിവശങ്കർ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. വീണ്ടും ചോദ്യം ചെയ്യലിനായി വിളിക്കാൻ സാധ്യതയുണ്ട്. സ്വർണക്കടത്ത് കേസുമായി ശിവശങ്കറിനു ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നാണ് എൻഐഎയും കസ്റ്റംസും അന്വേഷിക്കുന്നത്. സ്വർണക്കടത്തുമായി ശിവശങ്കറിനു ബന്ധമുണ്ടെന്ന തരത്തിൽ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.