കയ്യിൽ പുസ്‌തകങ്ങൾ, തോളിൽ ബാഗ്; 98 ദിവസത്തെ ജയിൽവാസത്തിനു ശേഷം ശിവശങ്കർ പുറത്തിറങ്ങി

98 ദിവസത്തെ ജയിൽവാസത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിൽമോചിതനായി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 98 ദിവസത്തിനു ശേഷം ജയിൽമോചിതനായി. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ശിവശങ്കർ പുറത്തിറങ്ങിയത്. കയ്യിൽ പുസ്‌തകങ്ങളും തോളിൽ ബാഗുമായി തന്റെ സാധാരണ വേഷത്തിലാണ് ശിവശങ്കർ ഉച്ചകഴിഞ്ഞ് മൂന്നോടെ ജയിലിൽനിന്നു പുറത്തിറങ്ങിയത്.

ഉച്ചയ്ക്ക് 2.10-ഓടെ കോടതിയുടെ ജാമ്യ ഉത്തരവ് ശിവശങ്കറിന്റെ ബന്ധുക്കള്‍ ജയിലില്‍ എത്തിച്ചു. ഉത്തരവ് ലഭിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു ജയിൽമോചിതനാകാൻ സാധിച്ചു. ജയിലില്‍ വായിച്ചിരുന്ന പുസ്‌തകങ്ങൾ ജയില്‍ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന് കൈമാറി. അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്.

ജയിലിൽനിന്നു പുറത്തിറങ്ങിയ അദ്ദേഹം ഒരു പ്രതികരണവും നടത്താതെ അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്കു യാത്ര തിരിക്കുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലാണ് ശിവശങ്കർ യാത്ര തിരിച്ചത്.

Read Also: ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്; ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി പറഞ്ഞ് ദുൽഖർ

ഡോളർ കടത്ത് കേസിൽ ഇന്നാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ശിവശങ്കറിന് ജയിൽമോചിതനാകാൻ സാധിച്ചത്. മറ്റ് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വേണം തുടങ്ങിയവയാണ് ജാമ്യത്തിനു ഉപാധികൾ.

ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് പരിമിതമായ പങ്ക് മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പൂർത്തിയായെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനോ ഒളിവിൽ പോകാനോ സാധ്യത കുറവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നുവെന്നും പ്രത്യേക സാമ്പത്തിക കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന കസ്റ്റംസിന്റെ വാദം കോടതി തള്ളി.

Read More: ജസ്‌ന തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാനായിട്ടില്ലെന്നും ഡോളര്‍ കടത്തിൽ തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കർ വാദിച്ചത്. കസ്റ്റഡിയില്‍വച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തത്. 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ശിവശങ്കർ ഇന്നു പുറത്തിറങ്ങുക. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറും സ്വർണക്കടത്ത് കേസിൽ കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിക്കവെ ഹൈക്കോടതി ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലായിരുന്നു. ഈ മാസം ഒൻപതു വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വർണ്ണക്കടത്തിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാട് കേസിൽ 2020 ഒക്ടോബർ 28 ന് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തത്.‌ ഈ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും അറസ്റ്റിലായി. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതോടെ ഇതിൽ സ്വാഭാവിക ജാമ്യം ലഭിച്ചു.

ഒടുവിലാണ് കസ്റ്റംസ് തന്നെ രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചത്. ശിവശങ്കറിന് സ്വർണക്കടത്ത് കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും വാദിച്ചിരുന്നു. എന്നാൽ, സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎയുടെ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിയല്ല. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കിയാണ് എൻഐഎയുടെ കുറ്റപത്രം. കേസിൽ ആകെ 35 പ്രതികളാണ് ഉള്ളത്. ഇതിൽ ശിവശങ്കറിന്റെ പേരില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: M sivasankar gets bail in all cases

Next Story
കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്നു; രണ്ടു ദിവസത്തിനിടെ 95 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com