കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ നിലപാട് തേടി. കേസ് കുടുതൽ വാദത്തിനായി ഡിസംബർ 26 ലേക്ക് മാറ്റി.

എൻഫോഴ്‌സ്‌മെന്റ് റജിസ്റ്റർ ചെയ്‌ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതെന്ന് ജാമ്യഹർജിയിൽ ശിവശങ്കർ പറയുന്നു.

Read Also: 118 എ പിൻവലിക്കുക; പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാർവതി

വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച കമ്മിഷൻ സ്വപ്‌നയുടെ ലോക്കറിൽ സൂക്ഷിച്ചുവെന്നാണ് അന്വേഷണ എജൻസിയുടെ ആരോപണം. സ്വർണക്കടത്തിലോ ലൈഫ് മിഷൻ ഇടപാടുകളുമായോ തനിക്ക് ബന്ധമുണ്ടന്ന് സ്വപ്‌ന മൊഴി നൽകിയിട്ടില്ല. തനിക്കെതിരായ പ്രധാന ആരോപണം ലോക്കർ എടുക്കാൻ സ്വപ്‌നയെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയെന്നാണ്. 2018ലാണ് ഇത് നടന്നത്. അന്ന് സ്വർണക്കടത്തോ, ലൈഫ് മിഷൻ ഇടപാടോ നടന്നിരുന്നില്ല.

ലോക്കറിലെ പണം സംബസിച്ച് അന്വേഷണ ഏജൻസി വിചാരണക്കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യമുണ്ടെന്നും സൂക്ഷമമായി പരിശോധിക്കണമെന്നും ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തനിക്കെതിരെ ഉണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്ന തെളിവുകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റിന് പര്യാപ്‌തമല്ലെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു. ശിവശങ്കറിനു വേണ്ടി ജാമ്യാപേക്ഷയിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാജരാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.