/indian-express-malayalam/media/media_files/uploads/2020/07/sivasankar.jpg)
കൊച്ചി: കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റജിസ്റ്റർ ചെയ്‌ത കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അഞ്ചാം പ്രതി. ഇന്നലെ രാത്രി അറസ്റ്റ് ചെയ്‌ത ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കി.
പതിനാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. എന്നാൽ, ഏഴ് ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് ശിവശങ്കറെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നാണ് ഇഡി അറിയിച്ചത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കറിന്റെ അറസ്റ്റ്. നാലാം തിയതി ശിവശങ്കറിനെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
ഇഡിയുടെ കസ്റ്റഡി അപേക്ഷയെ ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തില്ല. കസ്റ്റഡിയിൽ വിശ്രമം അനുവദിച്ചില്ലെന്നും തുടർച്ചയായി ചോദ്യം ചെയ്‌തെന്നും ഡോക്‌ടർമാർ തനിക്ക് രണ്ടാഴ്‌ചത്തെ വിശ്രമം നിർദേശിച്ചിരുന്നുവെന്നും ശിവശങ്കർ ബോധിപ്പിച്ചു. ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് അറസ്റ്റിന് കാരണമായി പറയുന്നതെന്നും എന്നാൽ, താൻ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ശിവശങ്കർ ബോധിപ്പിച്ചു.
ശിവശങ്കറിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു
ശിവശങ്കറിന്റെ അഭിഭാഷകൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ കോടതി അംഗീകരിച്ചു. വെെദ്യസഹായം ലഭ്യമാക്കണം, ആരോഗ്യകാര്യങ്ങളിൽ സുരക്ഷ നൽകണം, കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണം, തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌താൽ ഒരു മണിക്കൂർ വിശ്രമം നൽകണം, വെെകീട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യരുത് തുടങ്ങിയ ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അറസ്റ്റെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ മജിസ്‌ട്രേറ്റിനെ അറിയിച്ചു.
ഗുരുതര ആരോപണം
സ്വർണക്കടത്ത് പിടിച്ച ശേഷം നയതന്ത്ര ബാഗേജ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എം.ശിവശങ്കർ കസ്റ്റംസിനെ വിളിച്ചെന്ന് ഇഡി ആരോപിക്കുന്നു. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ താൻ കസ്റ്റംസിനെ ബന്ധപ്പെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡി നൽകിയ അറസ്റ്റ് മെമ്മോയിൽ പറയുന്നു. തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വർണക്കടത്തിൽ ശിവശങ്കർ നേരത്തെയും ഇടപെട്ടിട്ടുണ്ടോ എന്ന സംശയവും ഇഡി ഉന്നയിക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങളാണ് അറസ്റ്റ് മെമ്മോയിൽ ശിവശങ്കറിനെതിരെയുള്ളത്.
രാജി ആവശ്യപ്പെട്ട് പ്രതിഷേധം
ശിവശങ്കറുടെ അറസ്റ്റ് രാഷ്‌ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏറ്റവും അധികാരമുള്ള വ്യക്തിയായിരുന്നു ശിവശങ്കർ. അതുകൊണ്ട് തന്നെ ഇത് മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ ആണെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ, കോവിഡ് പ്രതിസന്ധിക്കിടെ ഏതു രീതിയിൽ പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകണമെന്ന് മുന്നണിയിൽ ആലോചിക്കും. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങളെയും പ്രതിഷേധത്തെയും എങ്ങനെ നേരിടണമെന്നാണ് ഇടതുമുന്നണി ആലോചിക്കുന്നത്.
Read Also: മുഖ്യമന്ത്രിയുടെ ഓഫീസിലെ അതികായൻ, ഒടുവിൽ വിവാദനായകൻ
ആറ് മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ്
ഇന്നലെ രാത്രി 10 മണിയോടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടു പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ശിവശങ്കറുമായി ഇഡി ഉദ്യോഗസ്ഥർ കൊച്ചിയിലെ ഓഫീസിൽ എത്തി. ശിവശങ്കറെ അറസ്റ്റ് ചെയ്യുമെന്ന് ഏകദേശം ഉറപ്പായതോടെ ഇഡി ഓഫീസിനു മുൻപിൽ സുരക്ഷ വർധിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.