തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റി. മെഡിക്കല്‍ കോളെജിലെ ന്യൂറോളജി വിഭാഗത്തിൽ ശിവശങ്കറിനെ പരിശോധിക്കും.

ശിവശങ്കറിനെ രാവിലെ ആൻജിയോഗ്രാം പരിശോധനയ്‌ക്ക് വിധേയനാക്കി. അദ്ദേഹത്തിനു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആൻജിയോഗ്രാം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. അതേസമയം, അടുത്ത 24 മണിക്കൂർ കൂടി ശിവശങ്കർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയും. ശിവശങ്കറിനെ ആശുപത്രിയിൽ നിന്നു ഡിസ്‌ചാർജ് ചെയ്‌താൽ ഉടൻ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്.

ശിവശങ്കർ ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആൻജിയോഗ്രാം പരിശോധന നടത്തിയത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

Read Also: മഞ്ഞുകാലത്ത് കൊറോണ വൈറസിന്റെ സ്വാധീനം എങ്ങിനെയായിരിക്കും?

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിനു ദേഹാസ്വസ്ഥ്യമുണ്ടായതെന്നാണ് റിപ്പോർട്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ വാഹനത്തിലാണ് ശിവശങ്കർ പുറപ്പെട്ടത്. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തതാണെന്നും റിപ്പോർട്ടുകളുണ്ട്. സാധാരണ ചോദ്യം ചെയ്യലിനായി ശിവശങ്കർ സ്വന്തം വാഹനത്തിലാണ് പോയിരുന്നത്. എന്നാൽ, ഇന്നലെ കസ്റ്റംസ് വാഹനത്തിലാണ് പുറപ്പെട്ടത്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള കേസ് ഏത് ?

സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്ന ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു. ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ശിവശങ്കർ നേരത്തെ ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്.രാജീവ് മുഖേനയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്‌ത കേസിലാണ് ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23 നാണ് പരിഗണിക്കുക. കേസിൽ ഇതുവരെ ശിവശങ്കറിനെ പ്രതിചേർത്തിട്ടില്ല.

അതേസമയം, ഇപ്പോൾ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളത് വിദേശ കറൻസി, ഈന്തപ്പഴ കേസുകളിലാണ്. സ്വർണക്കടത്ത് കേസിലെ പ്രതികൾ വിദേശത്തേക്ക് കറൻസി കടത്തിയതായും ഈന്തപ്പഴ ഇടപാടിൽ അഴിമതി നടന്നതായും ആരോപണമുയർന്നിരുന്നു.

Read Also: ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കും

സ്വർണക്കടത്ത് കേസ് പ്രതികളുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ പദവികളിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.