കായിക ലോകത്തെ കാഴ്ചകൾ വായനക്കാരുടെ മനസിൽ പ്രതിഫലിപ്പിച്ച എം മാധവൻ എന്ന സ്പോർട്സ് ലേഖകൻ എം മാധവൻ (88) ഇനി ഓർമ്മകളുടെ ഗ്യാലറയിൽ. ഇക്കാലത്തുള്ളതുപോലെ തത്സമയ കാഴ്ചകളില്ലാത്ത കാലത്ത് ദേശീയവും അന്താരാഷ്ട്രവും ആയ കായിക മത്സരങ്ങളുടെ ആർപ്പുവിളികളും ആവേശവും ഒട്ടും ചോരാതെ ആ കാഴ്ചകൾ വാങ്മയരൂപത്തിൽ വായനക്കാർക്ക് പകർന്നു നൽകിയ മാധവൻ എന്ന കളിയെഴുത്തുകാരൻ വിടവാങ്ങി.
ഏഴ് പതിറ്റാണ്ടോളം നീണ്ട പത്രപ്രവർത്തനത്തിനിടയിൽ പല രാജ്യാന്തര മത്സരങ്ങളും വായനക്കാരിൽ എത്തിക്കുന്നതിനായി അദ്ദേഹം ഗ്യാലറയിൽ ഉണ്ടായിരന്നു. കായികവാർത്തകളും വിശകലനങ്ങളും കൊണ്ട് വായനക്കാരുടെയും കായിക താരങ്ങളുടെയും ആദരവ് അദ്ദേഹം പിടിച്ചുപറ്റി. ഒളിംപിക്സ്, ഏഷ്യാഡ്, വിവിധ ലോകകപ്പ് മത്സരങ്ങൾ എന്നിവ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കണ്ടവർ നിരവധിയാണ്. ഇന്ത്യൻ കളിയെഴുത്തിലെ കുലപതികളിലൊരാളായിരുന്നു അദ്ദേഹം.
വാർത്താ ഏജൻസിയായ പി ടിഐയായിരുന്നു പത്രപ്രവർത്തന രംഗത്തെ എം മാധവൻ എന്ന സ്പോർട്സ് ലേഖകന്റെ സ്റ്റാർട്ടിങ് പോയിന്റ്. 1952ൽ പിടിഐയിൽ തുടങ്ങിയ അദ്ദേഹം പിന്നീട് ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിൽ സ്പോർട്സ് എഡിറ്ററായി. 1993ൽ സജീവ പത്രപ്രവർത്തനത്തിൽ നിന്നും വിരമിച്ച അദ്ദേഹം ഡൽഹിയിൽ താമസിച്ച് സ്പോർട്സ് എഴുത്ത് അടുത്തകാലം വരെ തുടർന്നു.
റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂർ തളിപ്പറമ്പ് കാനൂല് മയിലാട്ട് വീട്ടില് പരേതരായ രാമന് നായരുടെയും നാരായണി അമ്മയുടെയും മകനാണ്. പയ്യന്നൂര് സ്വദേശിനിയായ ഭാരതിയാണ് ഭാര്യ. മക്കൾ ബ്ലൂംബർഗ് ഡൽഹി ചീഫ് ഓഫ് ബ്യൂറോ ഉണ്ണികൃഷ്ണൻ സുപ്രീം കോടതി അഭിഭാഷക ബീന മാധവന്.