തൊടുപുഴ: ഡാമുകൾ തുറക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഉന്നതാധികാര സമിതിയുമായി ചർച്ച ചെയ്താണ് ഓരോ തീരുമാനങ്ങളും കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഴ ഇത്രയും കനക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡാം തുറക്കുന്നതിന് മുമ്പ് തന്നെ തന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഡാം തുറക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ഏകദേശം 400 കോടി രൂപയുടെ നഷ്ടം ബോർഡിനുണ്ടായി. കണക്ഷനുകൾ പുനഃസ്ഥാപിക്കാനും മറ്റ് അറ്റകുറ്റപണികൾക്കുമാണ് ബോർഡ് മുൻതൂക്കം നൽകുന്നത്. ജനം ദുരിതത്തിൽ കഴിയുമ്പോൾ അനാവശ്യ വിവാദങ്ങൾക്ക് താൽപര്യമില്ലെന്ന് പറഞ്ഞ മന്ത്രി വാർത്തസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.

25 ലക്ഷത്തോളം കണക്ഷനുകളാണ് സംസ്ഥാനത്ത് പുനഃസ്ഥാപിക്കാനുള്ളത്. യുദ്ധകാല അടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളിലെ ബോർഡുകളിൽ നിന്ന് കൂടുതൽ ജീവനക്കാരെ കേരളത്തിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാമുകൾ തുറന്നതിൽ വൈദ്യുതി ബോർഡിനും സർക്കാരിനും വീഴ്ച പറ്റിയെന്ന ആരോപണം വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൂടുതൽ വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും കൂട്ടായ പ്രവർത്തനമാണ് ഈ സാഹചര്യത്തിൽ അവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.