തിരുവനന്തപുരം: പൊമ്പുളയെ ഒരുമയ്ക്ക് എതിരെ വൈദ്യുത മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമർശത്തെക്കുറിച്ച് സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. അത്യന്തം സ്ത്രീ വിരുദ്ധമായ മന്ത്രിയുടെ വാക്കുകളെ മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റായിപ്പോയി എന്നും മുഖ്യമന്ത്രിയിൽ നിന്നും മാന്യമായ സമീപനമാണ് പ്രതീക്ഷിച്ചത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മൂന്നാർ കയ്യേറ്റ വിഷയം , എംഎം മണിയുടെ വിവാദ പരാമാർശം എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കും എന്നും സഭാ നടപടികളിൽ സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇതിനിടെ മൂന്നാറിൽ മന്ത്രിയുടെ ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരുന്ന പൊമ്പുളെയ് ഒരുമ നേതാക്ക​ളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ സന്ദർശിക്കും. എംഎം മണിയുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള സമരം യുഡിഎഫ് ശക്തമാക്കുമെന്ന് തങ്ങളുടെ എം.എൽ.എമാർ നാളെ തിരുവനന്തപുരത്ത് ധർണ്ണ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എം.എം.മണിയുടേത് നാടൻ ശൈലിയാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് സഭയിൽ പറഞ്ഞത്. . എതിരാളികൾ അതിനെ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും , വിവാദ പരാമർശത്തിൽ മണി തന്നെ വിശദീകരണം നൽകിയിട്ടുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം . പൊമ്പിളൈ ഒരുമയുടേത് രാഷ്ട്രീയ സമരമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം,സഭയിൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു . ആദ്യം മുഖ്യമന്ത്രി വിശദീകരണം നൽകട്ടെ എന്നിട്ട് മണി മറുപടി പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷം വ്യക്തമാക്കി. വിമർശനമുന്നയിക്കും മുൻപ് എങ്ങനെ വിശദീകരിക്കുമെന്നും കീഴ്‌വഴക്കങ്ങൾ ലംഘിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ഇ.പി.ജയരാജന്റയും എ.കെ.ശശീന്ദ്രന്റെയും കാര്യത്തിൽ കാണിച്ച ധാർമികത മണിയുടെ കാര്യത്തിൽ ഉണ്ടാകാത്തത് എന്താണ്?. ഇഎംഎസിന്റെ പാർട്ടി എം.എം.മണിയുടെ പാർട്ടിയായി തരംതാണുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ