കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു. 92 വയസായിരുന്നു. ഏറെക്കാലമായി രോഗബാധിതയായിരുന്ന കമലത്തിന്റെ അന്ത്യം ഇന്ന് രാവിലെ കോഴിക്കോട് വെച്ചായിരുന്നു.

1982-1987 കാലഘട്ടത്തിൽ കെ.കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. ഇന്ദിര ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കമലം വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Also Read: നടിയെ അക്രമിച്ച കേസ്: വിചാരണ ഇന്ന് തുടങ്ങും, ദിലീപിന്റെ ഹർജിയിലും വിധി ഇന്ന്

1946ല്‍ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്. എന്നാൽ പിന്നീടുള്ള ഏഴ് പതിറ്റാണ്ടുകാലം പൊതുരംഗത്തെ സജീവ സാനിധ്യമായിരുന്ന കമലം മികച്ച സംഘാടകയായാണ് അറിയപ്പെടുന്നത്. സംഘാടകയെന്ന നിലയില്‍ കമലത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്ന് 1954ല്‍ കണ്ണൂര്‍ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവത്കരിച്ചതാണ്. 1958ല്‍ കണ്ണൂരില്‍ നടന്ന കെപിസിസി സമ്മേളനത്തില്‍ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുൾപ്പടെ ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധ നേടി.

Also Read: കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ലോകരാജ്യങ്ങൾക്ക് അതീവ ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

1980ല്‍ കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്ന് കേരള നിയമസഭയിലേക്ക് എത്തിയ കമലം മന്ത്രിസഭയിലും അംഗമായി. പാർട്ടി പിളർന്നപ്പോൾ ഓ ഗ്രൂപ്പിനൊപ്പം നിലകൊണ്ട അവർ ഇടക്കാലത്ത് പാർട്ടി വിട്ട് പോയെങ്കിലും കോൺഗ്രസിൽ തന്നെ തിരിച്ചെത്തിയിരുന്നു.

ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ കോഴിക്കോട് ജില്ല ചെയർപേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിലും വിമോചനസമരത്തിലും ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.