തിരുവനന്തപുരം: ഹാദിയ കേസില്‍ നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ദേശീയ വനിതാ കമ്മീഷന്റെ ആരോപണത്തെ തിരുത്തി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണെന്നും രേഖ ശര്‍മ്മയുടെ പ്രതികരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

ഹാദിയയുടെ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകുമെന്നും എം.സി.ജോസഫൈന്‍ പ്രതികരിച്ചു. കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശ്രമമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണമെന്നും ജോസഫൈന്‍ പറഞ്ഞു.

ഹാദിയ പിതാവിന്റെ സംരക്ഷണയില്‍ പൂര്‍ണ സുരക്ഷിതയാണെന്നായിരുന്നു ഇന്നലെ ദേശീയ വനിത കമ്മിഷന്‍ ആക്ടിങ് അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞത്. വൈക്കം ടിവി പുരത്തെ വസതിയില്‍ നേരിട്ടെത്തി ഹാദിയയെ കണ്ട ശേഷമാണ് രേഖ ശര്‍മ്മ മാധ്യമങ്ങളോട് ഇതേക്കുറിച്ച് പറഞ്ഞത്.

ഹാദിയയുടെ അച്ഛന്‍ അശോകനെയും അമ്മയെയും കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് രേഖ ശര്‍മ്മ തൊട്ടടുത്ത വീട്ടില്‍ ഹാദിയയെ കാണാനായി പോയത്. ഹാദിയയുടെ ബന്ധുവീടായ ഇവിടെയാണ് അശോകന്‍ ഹാദിയയെ താമസിപ്പിച്ചിരുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം രേഖാ ശര്‍മ്മയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ഹാദിയ സുരക്ഷിതയാണെന്ന് രേഖാ ശര്‍മ്മ പറഞ്ഞത്.’അശോകന്റെ സംരക്ഷണയില്‍ ഹാദിയ പൂർണ സുരക്ഷിതയാണ്. അവര്‍ക്ക് യാതൊരു കുഴപ്പവുമില്ല. ഭയപ്പെടാന്‍ ഒന്നുമില്ല”, രേഖാ ശര്‍മ്മ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ