scorecardresearch

Latest News

ഒറ്റക്കമ്പി നാദം നിലച്ചു; ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് വിട

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Bichu Thirumala Death
Photo: Wikipedia

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാനരചയിതാവാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു.

അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

1972 ലെ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമലോകത്തേക്കുള്ള പ്രവേശനം. പിന്നീട് എന്നും മലയാളികളുടെ നാവിന്‍ തുമ്പിലുള്ള ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചു. രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ ബിച്ചു തിരുമലയ്ക്ക് ലഭിച്ചു. 1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിലെ ‘ശ്രുതിയില്‍ നിന്ന് ഉയരും..’ തേനും വയമ്പും എന്ന സിനിമയിലെ ‘ഒറ്റക്കമ്പി നാദം മാത്രം..’ എന്നീ ഗാനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

1991 ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു. കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്റെ ചലച്ചിത്ര രത്നം, സുകുമാര്‍ അഴിക്കോട് തത്വമസി പുരസ്കാരം, സ്വാതി-പി. ഭാസ്കരന്‍ ഗാനസാഹിത്യ പുരസ്കാരം എന്നിവയും ലഭിച്ചു.

ഓസ്കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഏക മലയാള ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയതും ബിച്ചു തിരുമലയായിരുന്നു. 1985 ല്‍ പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്.

1942 ഫെബ്രുവരി 13 നായിരുന്നു ജനനം. ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജി. ഭാസ്കരൻ നായരുടെയും മൂത്തമകനാണ്. ബി.ശിവശങ്കരന്‍ നായര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. തിരുവനന്തപുരം തിരുമലയില്‍ താമസം ആരംഭിച്ചതോടെയാണ് ബിച്ചു തിരുമല എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

Also Read: ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lyricist bichu thirumala passed away

Best of Express