scorecardresearch

Lunar eclipse July 2018: ചന്ദ്രഗ്രഹണം ഇന്ന്: ചുവന്ന ചന്ദ്രന്റെ രാത്രിയെ ഭയക്കേണ്ടതുണ്ടോ? അറിയേണ്ടകാര്യങ്ങൾ

ചന്ദ്രഗ്രഹണം എങ്ങനെ കാണാം? ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുന്നത് എങ്ങനെ? ചന്ദ്രൻ ചുവക്കുന്നത് എങ്ങനെ? ചന്ദ്രഗ്രഹണത്തിന്റെ നീളം കൂടിയത് എന്തുകൊണ്ട്? എന്ന കാര്യങ്ങൾ വിശദീകരിക്കുകയാണ് ശാസ്ത്രസാഹിത്യകാരൻ കൂടിയായ ലേഖകൻ

ചന്ദ്രഗ്രഹണം എങ്ങനെ കാണാം? ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുന്നത് എങ്ങനെ? ചന്ദ്രൻ ചുവക്കുന്നത് എങ്ങനെ? ചന്ദ്രഗ്രഹണത്തിന്റെ നീളം കൂടിയത് എന്തുകൊണ്ട്? എന്ന കാര്യങ്ങൾ വിശദീകരിക്കുകയാണ് ശാസ്ത്രസാഹിത്യകാരൻ കൂടിയായ ലേഖകൻ

author-image
Praveen Chandran
New Update
lunar eclipse,praveen chandran

Lunar eclipse July 2018: ഇന്ന് രാത്രി ചുവന്ന ചന്ദ്രന്റെ രാത്രിയാണ്. പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്ന  രാത്രി. ഈ​ രാത്രി ചന്ദ്രന്റെ നിറം മാറും.  ചന്ദ്രന്‍ ചുവന്ന് തുടുക്കും.  ഭൂമിയുടെ നിഴല്‍ വീണ് ചന്ദ്രനെ തീരേ കാണാതാകുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കും. ഭൂമിയുടെ നിഴലിലേയ്ക്ക് പതിയെ മറയുന്ന ചന്ദ്രന്‍ പൂര്‍ണ്ണമായി കാണാതായതിന് ശേഷം പതിയെ പുറത്ത് വരും. ഇന്നത്തെ   ഗ്രഹണപ്രക്രിയയുടെ ആകെ സമയം ഒരു മണിക്കൂറും നാല്പത്തിമൂന്ന് മിനുറ്റുമായിരിക്കും. ഇന്ന് രാത്രി, ജൂലായ് 27 ന് 10.44 ന് ഗ്രഹണം ആരംഭിക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാനുള്ള അവസരമാണിത്.

Advertisment

ചന്ദ്രഗ്രഹണത്തെ സംബന്ധിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിച്ചിട്ടുണ്ട്. ഇന്നും ഈ​ കഥകൾ സത്യമാണെന്ന് വിശ്വസിക്കുന്നവർ കുറവല്ല.  ഭയവും അന്ധവിശ്വാസവും പടർത്തുന്ന ഈ കഥകൾ പലരെയും ചന്ദ്രഗ്രഹണം കാണുന്നതിൽ നിന്നും പിന്മാറ്റുന്നുണ്ട്.

lunar eclipse: ചന്ദ്രഗ്രഹണത്തിന്റെ നീളം കൂടിയതെങ്ങിനെ?

സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ഗ്രഹണം. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. ഗോളാകൃതിയിലുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മുഖത്ത് പതിക്കുന്നു. ഭൂമിയുടേയും ചന്ദ്രന്റെയും ചലനത്തിനനുസരിച്ച് നിഴല്‍ വലുതാകുകയും ഒടുവില്‍ പൂര്‍ണ്ണമായും ചന്ദ്രന്‍ ഇരുട്ടില്‍ മറയുകയും ചെയ്യുന്നു. ചന്ദ്രന്‍ നിഴലില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ തെളിഞ്ഞ് വരികയും ചെയ്യുന്നു.

lunar eclipse,praveen chandran longest lunar eclipse 2018 in India: ചന്ദ്രഗ്രഹണം നടക്കുമ്പോൾ സംഭവിക്കുന്നത്

Advertisment

ചന്ദ്രൻ ഭൂമിയെ വലം വെയ്ക്കുന്നത് ദീര്‍ഘവൃത്താകൃതിയിലാണ്. ഈ ഭ്രമണപഥത്തിലൂടെ ചന്ദ്രന്‍ ചലിക്കുന്നത് ഒരേ വേഗത്തിലുമല്ല. ഇന്ന് രാത്രി ചന്ദ്രന്‍ ദീര്‍ഘവൃത്തത്തിന്റെ ഏറ്റവും അകലെയുള്ള ഭാഗത്തായിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം നിഴലിൽ നിൽക്കേണ്ടിവരുന്നു.

അക്കാരണത്താല്‍ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം നമുക്ക് കാണാന്‍ സാധിക്കുന്നു. ഈ നൂറ്റാണ്ടില്‍ 230 ചന്ദ്രഗ്രഹണങ്ങളുണ്ടാകുമെന്നു അവയില്‍ 85 എണ്ണം പൂര്‍ണ്ണചന്ദ്രഗ്രഹണമായിരിക്കുമെന്നും നാസ കണക്കുകൂട്ടിയിരിക്കുന്നു. ഇത്രയും ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകുമെന്നിരിക്കെ പല ഗ്രഹണങ്ങളും വ്യത്യസ്ത സമയം നിഴലില്‍ നിൽക്കുന്നു. ഭ്രമണപഥത്തിന്റെ ദീര്‍ഘ വൃത്താകൃതിയാണ് ഈ സമയവ്യത്യാസത്തിന് കാരണം.

chandra grahanam 2018 impact: ചന്ദ്രന്‍ ചുവക്കുന്നത് എന്തുകൊണ്ട്?

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശമാണ് ഗ്രഹണസമയത്ത് ചന്ദ്രനിലെത്തുന്നത്. ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോള്‍ അതിന്റെ പാതയില്‍ മാറ്റമുണ്ടാകുന്നു. പ്രകാശത്തിന്റെ അപവര്‍ത്തനം (Refraction) എന്ന് പ്രതിഭാസത്താലാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിനും ഇത് ബാധകമാണ്. അതുകൊണ്ട് ഭൂമിയുടെ നിഴല്‍പ്രദേശത്ത് പ്രകാശം പരന്നുകിടക്കുന്നു. പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ അപവര്‍ത്തനം കാരണം വിവിധ നിറങ്ങള്‍ വിവിധ കോണിലാണ് നേര്‍രേഖയില്‍ നിന്ന് മാറി സഞ്ചരിക്കുക. ഭൂമിയുടെ അന്തരീക്ഷത്താല്‍ സംഭവിക്കുന്ന അപവര്‍ത്തനം കാരണം ചന്ദ്രനിലെ നിഴല്‍ ചുവപ്പിനോടടുത്ത നിറങ്ങള്‍ കാണിക്കുന്നു. അത് പ്രതിഫലിച്ച് ഗ്രഹണസമയത്ത് ചന്ദ്രന്‍ രക്തവര്‍ണ്ണമായി നമ്മൾ കാണുന്നു. ഭൂമിക്ക് അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്‍ കറുത്ത നിറത്തില്‍ കാണപ്പെടും.

lunar eclipse: ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാമോ?

ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നതാണ്. ചന്ദ്രഗ്രഹണസമയത്ത് സൂര്യഗ്രഹണത്തില്‍ സംഭവിക്കുന്നതുപോലെ ദൃശ്യപരിധിക്ക് പുറത്തുള്ള രശ്മികള്‍ നമ്മുടെ കണ്ണില്‍ പതിക്കുകയില്ല. കാരണം ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രനാണ് നിഴലിലാകുന്നത്. മറിച്ച് സൂര്യഗ്രഹണസമത്ത് ഭൂമി ചന്ദ്രന്റെ നിഴലിലാകുമ്പോള്‍ സൂര്യനില്‍ നിന്നുള്ള ദൃശ്യപരിധിക്ക് പുറത്തുള്ള വികിരണങ്ങള്‍ ഭൂമിയിലെത്തുന്നു. പ്രകാശമില്ലാത്തതിനാല്‍ തുറന്ന് വച്ച കണ്ണിലേക്ക് അവ കടന്നുവരുകയും റെറ്റിനയില്‍ പതിക്കുകയും ചെയ്യന്നു. അതുകൊണ്ട് ഭയമേതുമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട്  ചന്ദ്രഗ്രഹണം കാണാവുന്നതാണ്.

Read More: കുട്ടികൾക്കൊപ്പം ചന്ദ്രഗ്രഹണം കാണേണ്ടത് ഇങ്ങനെയാണ്

Read More: ചന്ദ്രഗ്രഹണം ഐതീഹ്യങ്ങളും അന്ധവിശ്വാസങ്ങളും

Lunar Eclipse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: