തിരുവനന്തപുരം: റിയാദിലെ ലുലു അവന്യുവിൽ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. കഴക്കൂട്ടം സ്വദേശി ഷിജു (45) ആണ് പിടിയിലായത്. റിയാദിലെ ലുലു അവന്യു എന്ന സ്ഥാപനത്തിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്താണ് പ്രതി നാട്ടിലേക്ക് മുങ്ങിയത്. സ്ഥാപനത്തിലെ പര്‍ച്ചേസ് മാനേജരായിരുന്ന ഷിജു വ്യാജ രേഖകള്‍ ചമച്ചാണ് പണം തട്ടിയെടുത്തത്.

സ്ഥാപനത്തിലേക്ക് വാങ്ങുന്ന സാധനങ്ങളുടെ റസീപ്റ്റുകള്‍ വ്യാജമായി ഉണ്ടാക്കിയാണ് നാലരക്കോടിയോളം രൂപ തട്ടിയെടുത്തത്. ലുലു ഗ്രൂപ്പ് റിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ റിയാദ് പൊലീസ് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതി ഡിജിപി തുമ്പ പൊലീസിന് കൈമാറി. തുമ്പ പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതി പണം തട്ടുകയായിരുന്നെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

ഷിജുവിനൊപ്പം ജോർദാൻ സ്വദേശി മുഹമ്മദ് ഫക്കീമും തട്ടിപ്പില്‍ കൂട്ടാളിയായിരുന്നു. ലുലു അവന്യുവിലേക്ക് സാധനങ്ങൾ മുഹമ്മദ് ഫക്കിം ജോലി ചെയ്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ വരുന്ന സാധനങ്ങൾ ലുലു ഗ്രൂപ്പിന്‍റെ ഷോപ്പിലേക്ക് വരുത്താതെ സമാനമായ മറ്റ് ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജരേഖകൾ ഉണ്ടാക്കിയുമാണ് ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയത്.

നാട്ടിലെത്തിയ ഷിജു വീട്ടിലോ ബന്ധുവീട്ടിലോ ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പൊലീസിനെ വഴി തെറ്റിക്കാനായി പ്രതി മൊബൈല്‍ ഫോണ്‍ കോള്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഇയാള്‍ വാട്സ്ആപ്പ് ഉപയോഗിച്ചത് പൊലീസിന് പിടിവളളിയായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ