കൊച്ചി: പ്രമുഖ വ്യവസായി എംഎ യൂസഫ് അലി കൊച്ചിൻ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇൻഫോപാർക്കിൽ 50 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 2400 കോടി മുടക്കിയാണ് ഐടി സ്പേസ് ഒരുക്കുന്നത്. 2014 ൽ ഇൻഫോപാർക്കിലെ എൽ ആന്റ് ടി ടെക് പാർക്ക് 150 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പ് വാങ്ങിയിരുന്നു.

ഇതിന് പിന്നീട് ലുലു സൈബർ ടവർ 1 എന്ന് പേര് നൽകിയിരുന്നു. ശനിയാഴ്ച ലുലു സൈബർ ടവർ 2 ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഏതാണ്ട് 15 ലക്ഷം സ്ക്വയർ ഫീറ്റ് കൂടി ഇതോടൊപ്പം കൂടിച്ചേരും.

“ഞങ്ങൾ ടവർ 2 പ്രൊജക്ടിന് വേണ്ടി 400 കോടി രൂപയാണ് നിക്ഷേപിച്ചത്. 2021 ഓടെ 35000 സ്ക്വയർ ഫീറ്റ് വരുന്ന ഒരു പ്രൊജക്ട് കൂടി ഇതോടൊപ്പം വരും. ടവർ 2 ൽ 11000 ഐടി പ്രൊഫഷണലുകളെ ഉൾക്കൊളളാൻ സാധിക്കും. വരാനിരിക്കുന്നത് ഇതിനേക്കാൾ വലിയ കെട്ടിടമാണ്. അതിൽ ഏത് സമയത്തും ലഭ്യമാകുന്ന വൈദ്യസഹായവും ഉണ്ടാവും,” യൂസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജ്യത്ത് പുതുതായി ലഖ്‌നൗ, വിശാഖപട്ടണം, വാരണാസി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാളുകൾ തുറക്കുമെന്ന് യൂസഫ് അലി പറഞ്ഞു.

മുൻപ് സ്കോട്‌ലന്റ് യാർഡിന്റെ ആസ്ഥാനമായിരുന്ന, ചരിത്രപ്രാധാന്യമുളള ലണ്ടൻ ബിൽഡിങ് കഴിഞ്ഞ വർഷം ഇദ്ദേഹം വാങ്ങിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും കേരള ഫെഡറൽ ബാങ്കിലും നിക്ഷേപമുളള യൂസഫ് അലി, യുഎഇയിൽ ഏറ്റവും കൂടുതൽ നിക്ഷേപമുളള ശതകോടീശ്വരന്മാരിൽ ഒരാളാണ്.

അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പായ ട്വന്റി ഫോർട്ടീൻ ഹോൾഡിങ്സിന്റെ ആസ്ഥാനം അബുദാബിയിലാണ്. 241 മുറികളുളള ലോകത്തെ ആഡംബര ഹോട്ടലുകളിലൊന്നായ വാൾഡ്റോഫ് അസ്റ്റോറിയ എഡിൻബർഗ്, ദി കലെഡോണിയൻ ഈയടുത്താണ് ഇവർ വാങ്ങിയത്.

ലുലു ഗ്രൂപ്പിന് 6.9 ബില്യൺ യുഎസ് ഡോളറിന്റെ ആകെ വരുമാനം ഉണ്ട്. മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും മലേഷ്യയിലും ഇന്തോനേഷ്യയിലുമായി ആകെ 154 ഇടങ്ങളിൽ ലുലു ഹൈപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ