തിരുവനന്തപുരം: ദിനപത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്ന ‘ലൂസിഫര്‍’ എന്ന മലയാള സിനിമയുടെ പരസ്യം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേരളാ പൊലീസ്. ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷന് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് പരാതി നല്കി.

ചിത്രത്തിലെ നായകന് യൂണിഫോമിലുള്ള പൊലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്ക്കുന്ന ചിത്രവും അതിലെ തലവാചകവും ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്ന് കേരള പൊലീസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സിനിമ പോലുള്ള മാധ്യമങ്ങള്‍ പൊലീസിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു നടന് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന് ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളില്‍ ഉണ്ടാക്കുമെന്ന് പരാതിയില്‍ പറയുന്നു.
Read More: ലൂസിഫര്‍, മിഖായേല്‍, അമേന്‍… മലയാള സിനിമയ്ക്ക് ബൈബിള്‍ പേരുകളോട് എന്താണ് ഇത്രയിഷ്ടം ?
സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പോസ്റ്ററുകളിലും, പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതു പോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാക്കണമെന്നും അത് പൊലീസിനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രചോദിതരാകുന്നത് തടയാന്‍ സഹായിക്കുമെന്നും പൊലീസ് അസോസിയേഷന് വേണ്ടി ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, പോസ്റ്ററിനെതിരെ പൊലീസ് രംഗത്തെത്തി ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും സിനിമയുടെ സംവിധായകന് കൂടിയായ നടന് പൃഥ്വിരാജ് മറ്റൊരു പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നതാണ് പോസ്റ്ററിലെ രംഗം. ‘ഈ പണി സ്റ്റീഫന്‍ ചെയ്യില്ല..നീയും ചെയ്യില്ല.! ‘ എന്ന തലക്കെട്ടോടെയാണ് പുതിയ പോസ്റ്റര്‍.