കൊച്ചി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് പാചക വാതക വില വര്‍ധിക്കുന്നത്.
Read More: ഇന്ധനവില വീണ്ടും കൂട്ടി; വലഞ്ഞ് ജനം
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും വർധിച്ചിട്ടുണ്ട്. 1,618 രൂപയാണ് പുതിയ വില. വില വര്‍ധിച്ചിട്ടും സബ്സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.
Read More: നടുവൊടിച്ച് പാചകവാതക വില; സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു
അതേസമയം, രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. കൊച്ചിയിൽ പെട്രോളിന് 91.44 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്കു മുകളിലാണ്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 22 രൂപയ്ക്ക് അടുത്താണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഇന്ധനവില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു. വരും ദിവസങ്ങളിലും ഇന്ധനവില കുതിച്ചുയരാനാണ് സാധ്യത. ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം.
ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.