തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ മേഖല രൂപം കൊണ്ട സാഹചര്യത്തിൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്തായാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിനു വടക്കുപടിഞ്ഞാറായാണ് ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നത്.
ഇവ രണ്ടും കേരള തീരത്തെ നേരിട്ട് ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് അധികൃതർ. അതേസമയം കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് ഇപ്പോൾ പ്രധാനമായും പരിഗണിക്കുന്നത്. ലക്ഷദ്വീപിനു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമർദം ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ലക്ഷദ്വീപ് പരിസരത്തും ദ്വീപിനു പടിഞ്ഞാറു ഭാഗത്തേക്കും മത്സ്യബന്ധനത്തിനു പോകരുത്. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പു നൽകണമെന്നും അതോറിറ്റി നിർദേശിച്ചു. ഇക്കുറി കാലവർഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിനെ ശരിവയ്ക്കുന്നതാണ് ഇരു ന്യൂനമർദങ്ങളും എന്നാണ് നിഗമനം.
കേരളത്തിൽ ഇന്നും നാളെയും ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ, മെയ് 23, 24 തീയതികളിൽ വ്യാപകമായി മഴ പെയ്യും. മേയ് 29നു കാലവർഷം എത്തുമെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രവും 28ന് എത്തുമെന്നു സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്‌ഥാ സ്‌ഥാപനവും പ്രവചിക്കുന്നുണ്ട്.
ശ്രീലങ്കയിൽ നാളെ മഴയെത്തും എന്നാണ് റിപ്പോർട്ട്. കന്യാകുമാരിയിൽ ഇന്ന് വൈകിട്ട് ന്യൂനമർദ്ദം രൂപപ്പെടുകയും ഇത് മഴ തീരുമാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.