തിരുവനന്തപുരം: കേരളത്തിൽ പ്രണയം നടിച്ച് മതംമാറ്റുന്നതിന് (ലൗ ജിഹാദ്) തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പഠനറിപ്പോർട്ട്. കേരളത്തിൽ ഒരു ദശകത്തോളം പ്രചരിപ്പിക്കപ്പെട്ടിരുന്ന അഭ്യൂഹത്തിന് വിരാമമിട്ടാണ് പൊലീസിന്രെ പഠന റിപ്പോർട്ട് കണക്കുകളടക്കം വാർത്ത പുറത്തുവന്നിട്ടുളളത്. കേന്ദ്ര ഇന്രലിജൻസ് ബ്യൂറോയുടെ സഹകരണത്തോടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കയിട്ടുളളത്. പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വന്ന വാർത്തകളിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുണ്ടെങ്കിലും അത് പ്രചരിപ്പിക്കപ്പെട്ടപോലെ ലവ് ജിഹാദ് അല്ലെന്ന് വ്യക്തമാക്കുന്നു.

ഇസ്‌ലാം മതത്തിലേയ്ക്ക് മാറിയവരിൽ ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവരാണെന്ന് പഠനം പറയുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കിടയിൽ നിന്നാണ് കൂടുതലും മതംമാറ്റം സംഭവിക്കുന്നത്. ഇസ്‌ലാം മതം സ്വീകരിച്ചവരിൽ കൂടുതലും ഹിന്ദുക്കളാണ്. 82 ശതമാനം ഹിന്ദുക്കൾ ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ 17.9 ശതമാനം ക്രിസ്ത്യാനികളും 0.1 ശതമാനം മറ്റു മതക്കാരും ഇസ്‌ലാം മതം സ്വീകരിച്ചു. ഹിന്ദുക്കളിൽതന്നെ ഇസ്‌ലാം മതം സ്വീകരിച്ചവരിൽ കൂടുതൽ പിന്നാക്കക്കാരാണ് (64.6%). നായർ സമുദായം (10%), പട്ടികവിഭാഗം (7.3%), ബ്രാഹ്മണർ (0.7%), മറ്റുവിഭാഗങ്ങൾ (17.4%) എന്നിങ്ങനെയാണ് ഈ കണക്കുകൾ.

പ്രണയവിവാഹത്തിനായാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നതെങ്കിലും ഇത് ലവ് ജിഹാദാണെന്നതിന് തെളിവില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യ പഠനത്തിൽ പറയുന്നത്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്രെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുൻ പൊലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയുമായിരുന്ന ടി.പി.സെൻകുമാർ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോപണത്തെ തളളിക്കയുന്നതാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ സഹകരണത്തോടയെുളള പഠനമെന്നുമാണ്  റിപ്പോർട്ട്.

2011 മുതൽ 2016 വരെ 7299 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായി ആഭ്യന്തര വകുപ്പിന്റെ പഠനറിപ്പോർട്ട് പറയുന്നു. 2011 ൽ 1075 പേരും 12 ൽ 1097 പേരും 13 ൽ 1137 പേരും 14 ൽ 1256 പേരും 15 ൽ 1410 പേരും 16 ൽ 1324 പേരും ഇസ്‌ലാം മതം സ്വീകരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് മതംമാറിയതിൽ ഭൂരിഭാഗവും. അതേസമയം, സമ്പന്ന കുടുംബങ്ങളിൽനിന്നും ആരും മതംമാറുന്നില്ല.

മതപരിവർത്തനം കൂടുതൽ നടക്കുന്നത് തൃശ്ശൂർ ജില്ലയിലാണ്. രണ്ടാമത് പാലക്കാടാണ്. 18 നും 25 നും മധ്യേ പ്രായമുളളവരാണ് മതം മാറുന്നവരിൽ അധികവും (39%). ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് മതംമാറിയതിൽ കൂടുതലും (44.7%). ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർ (34.6%), ബിരുദം നേടിയവർ (10.7%), ബിരുദാനന്തര ബിരുദം നേടിയവർ (4%) മതപരിവർത്തനം നടത്തിയതായി പഠനമെന്ന് റിപ്പോർട്ടുകൾ  പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.