തിരുവനന്തപുരം: തിരുവോണം ബംപര്‍ ജേതാക്കള്‍ക്കു സമ്മാനത്തുക കൈമാറാൻ നടപടി തുടങ്ങി ലോട്ടറി വകുപ്പ്. സമാശ്വാസത്തുക കൈമാറിയ വകുപ്പ്, ഒന്നാം സമ്മാനമായ 25 കോടി രൂപ ജേതാവായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിന് എത്രയും പെട്ടെന്നു ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
അനൂപ് ഇന്നു ഉച്ചയ്ക്കുശേഷം ടിക്കറ്റ് ലോട്ടറി വകുപ്പില്‍ ഹാജരാക്കി. സമ്മാനാര്‍ഹമായ ടി ജെ 750605 ടിക്കറ്റ് കാനറാ ബാങ്ക് വഴിയാണു അനൂപ് ഹാജരാക്കിയത്.
അതേസമയം,സമാശ്വാസ സമ്മാനമായ അഞ്ചു ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഒന്‍പതു പേരില്‍ ഒരാള്‍ക്കു തുക ലഭ്യമാക്കി. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന് രഞ്ജിത വി നായര്‍ക്കാണു തുക നല്‍കിയത്.
രാവിലെ പതിനൊന്നോടെ സമ്മാനാഹര്‍മായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഓഫില്‍ ഹാജരാക്കിയ രഞ്ജിതയ്ക്കു വൈകുന്നേരത്തോടെ തുക നല്കി. ഏജന്റ് കമ്മിഷനും നികുതിയും കഴിച്ചുള്ള തുകയായ 3.15 ലക്ഷം രൂപ രഞ്ജിതയ്ക്കു ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയത്.
സമ്മാനജേതാക്കള്ക്കു തുക നല്കുന്നതു മനപ്പൂര്‍വം വൈകിപ്പിക്കുന്നു, ഖജനാവില്‍ കിടക്കുന്ന തുകയെടുത്ത് സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു ചെലവഴിക്കുന്നുവെന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ പരക്കെ നിലനില്‍ക്കുന്നതിനിടെയാണു ലോട്ടറി വകുപ്പിന്റെ ഈ നടപടി.
ലോട്ടറി വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ രേഖകളുമായി എത്തിയതാണു രഞ്ജിതയ്ക്കു ചുരുങ്ങിയ സമയത്തിനുള്ളില്‍ സമ്മാനത്തുക കൈമാറാന്‍ സഹായകരമായത്. ഇത്തരത്തില്‍ ലോട്ടറി വകുപ്പ് വെബ്സൈറ്റില്‍ പറയുന്നതുപോലെ ആവശ്യമായ എല്ലാ രേഖകളുമായി എത്തുന്നവര്‍ തുക ഒട്ടും വൈകാതെ കൈമാറാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
കൈയില്‍ വന്ന ബംപര്‍ ഭാഗ്യം അകന്നുപോയ അനുഭവമാണു രഞ്ജിതയുടേത്. അനൂപിന് സമ്മാനം ലഭിച്ച ടിക്കറ്റ് എടുത്ത് മാറ്റിവച്ചാണു ഇതേ നമ്പറിലുള്ള മറ്റൊരു സീരീസിലുള്ള ടിക്കറ്റ് രഞ്ജിതയെടുത്തത്.
ഇന്നലെ വൈകീട്ട് ആറരയോടെ കാനറ ബാങ്ക് മണക്കാട് ശാഖയിലെ മാനേജരും മറ്റ് ജീവനക്കാരുമെത്തി അനൂപിന് ടിക്കറ്റ് സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യം ലഭ്യമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നു ടിക്കറ്റ് ലോട്ടറി വകുപ്പ് ഓഫിസില്‍ ഹാജരാക്കിയത്. ബംപര്‍ ജേതാവായ അനൂപിന് 10 ശതമാനം ഏജന്‍സി കമ്മിഷനും 30 നികുതിയും കിഴിച്ച് 15.75 കോടി രൂപയാണ് ലഭിക്കുക.
ടിക്കറ്റ് വാങ്ങാന്‍ 50 രൂപയുടെ കുറവുണ്ടായിരുന്നതിനാല്‍ മകന് അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചാണ് അനൂപ് ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള അനൂപിനു മുന്‍പ് 5,000 രൂപ വരെ സമ്മാനം ലഭിച്ചിരുന്നു. കാശില്ലാത്തതിനാല്‍ ഓണം ബംപര്‍ എടുക്കേണ്ട എന്നാണു വിചാരിച്ചത്. ശനിയാഴ്ച കുറച്ചു പൈസ കിട്ടിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് അനൂപ് പറഞ്ഞു.
കടങ്ങള്‍ വീട്ടാന്‍ മലേഷ്യയില്‍ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കെയാണ് അനൂപിനെ തേടി ഭാഗ്യദേവതയെത്തിയത്. ഇനി വിദേശത്തേക്കു പോകുന്നില്ലെന്നും ലോട്ടറി എടുക്കുന്നതു നിര്‍ത്താനും പോകുന്നില്ലെന്നും പറയുകയാണ് അനൂപ്. ഹോട്ടല്‍ ബിസിനസ് നടത്തി നാട്ടില്‍ തന്നെ ജീവിക്കാനാണ് അനൂപിന്റെ തീരുമാനം.