തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് വജ്രങ്ങൾ നഷ്ടപ്പെട്ടതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. എട്ട് വജ്രങ്ങളാണ് കാണാതെ പോയത്. ഇതിൽ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.

ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച് 26 പേജുള്ള റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്.

80 വർഷം പഴക്കമുള്ളതാണ് കാണാതായ വജ്രങ്ങളെന്നാണ് വിവരം. ക്ഷേത്ര രേഖകളിൽ ഉള്ളതിനേക്കാൾ 21 ലക്ഷം രൂപ വജ്രങ്ങൾക്ക് വിലയുണ്ട്. രണ്ട് വർഷം മുൻപ് വജ്രങ്ങൾ കാണാതായെങ്കിലും ഇത് ക്ഷേത്രം അധികാരികൾ മറച്ചുവച്ചു. വജ്രങ്ങൾക്ക് കേടുപാടുണ്ടായെന്ന് രേഖപ്പെടുത്തി. എന്നാൽ വജ്രങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും അന്നത്തെ ഭരണസമിതി കേസിന്റെ പുരോഗതി വിലയിരുത്തുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വിശദീകരണം നൽകിയിരിക്കുന്നത്.

ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കണം, വിജിലൻസ് ഓഫീസറായി തിരുവനന്തപുരം സിറ്റി പൊലീസ് മുൻ കമ്മിഷണർ എച്ച്.വെങ്കിടേഷിനെ നിയമിക്കണം, സിഎജിയുടെ അഭിപ്രായം തേടിയ ശേഷം ഒരാളെ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാൻ നിയമിക്കണം, വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ സൂക്ഷിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും അമിക്കസ് ക്യുറി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ