തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാര്‍ഥി നിർണയത്തിൽ തീരുമാനത്തിലെത്താതിരുന്ന പത്തനംതിട്ട സീറ്റ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പ്രമുഖരെല്ലാം ആഗ്രഹിച്ച പത്തനംതിട്ട സീറ്റിൽ മാത്രം ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതു നേതാക്കൾക്കിടയിലെ കടുത്ത ഭിന്നത കാരണമെന്നു സൂചന. കെ.സുരേന്ദ്രനു സീറ്റ് നൽകാൻ ധാരണയായിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിളള എതിര്‍പ്പ് പരസ്യമാക്കിയെന്നും വിവരമുണ്ട്.

Read: ‘താമര വിരിയുമോ?’; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ലെന്നാണ് ശ്രീധരൻ പിളള പ്രതികരിച്ചത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചയെല്ലാം തീര്‍ന്നതാണ്. ഭേദഗതികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനായിരിക്കും ബിജെപിക്കായി പത്തനംതിട്ടയില്‍ തേരുതെളിക്കാനിറങ്ങുകയെന്നാണു കരുതുന്നത്‌. 2014-ല്‍ ഏഴ്‌ അസംബ്ലി മണ്ഡലത്തിലും ലീഡ്‌ യുഡിഎഫിനായിരുന്നു. എന്നാല്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ യുഡിഎഫിനു കനത്ത തിരിച്ചടിയാണു സമ്മാനിച്ചത്‌.

കോന്നിയിലും കാഞ്ഞിരപ്പള്ളിയിലുമൊഴികെ നാലിടത്ത്‌ ജയം ഇടതുപക്ഷത്തിനായിരുന്നു. പൂഞ്ഞാറില്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച്‌ പി.സി.ജോര്‍ജ്‌ കരുത്തുകാട്ടി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പംനിന്നു എന്ന വാദവുമായാണ്‌ യുഡിഎഫും ബിജെപിയും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. കോടതിവിധി മാനിക്കുന്നതോടൊപ്പം ശബരിമലയ്‌ക്കു ബജറ്റില്‍ കാര്യമായ വിഹിതം മാറ്റിവച്ചു എന്ന എതിര്‍വാദമാണ്‌ എല്‍ഡിഎഫ്‌ ഉയര്‍ത്തുന്നത്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ