തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന ലോറി സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടി. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുളള പച്ചക്കറി വരവ് നിലച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. സമരത്തോടെ ഇവിടങ്ങളിൽനിന്നുളള പച്ചക്കറി വരവ് പൂർണമായും നിലച്ചു.

കേരളത്തിലേക്കുളള അരിയുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത്. ലോറി സമരം തുടർന്നാൽ അടുത്ത ആഴ്ചയോടെ അരിക്കും വിലക്കയറ്റം ഉണ്ടായേക്കും. ഓണക്കാല വിപണിയെയും സമരം ബാധിച്ചേക്കും.

കോഴിമുട്ടക്കും വില കൂടി. മുട്ട ഒന്നിന് 50 പൈസ കൂടി അഞ്ചു രൂപയായി. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിൽ മുട്ട എത്തുന്നത്. ലോറി സമരം ശക്തമായതോടെ മുട്ടവരവ് നിലച്ചതാണ് വില കൂടാൻ കാരണം. ലോറി സമരം കോഴി കർഷകരെയും പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. സമരം കാരണം കോഴിത്തീറ്റ ലഭിക്കാത്തതാണ് കോഴി കർഷകരെ വലയ്ക്കുന്നത്.

സമരം നടത്തുന്ന ചരക്കു ലോറി ഉടമകളുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. സമരക്കാർ ഉന്നയിക്കുന്ന നാലു വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്രസർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടതെന്നുമാണ് മന്ത്രി സമരക്കാരെ അറിയിച്ചത്. എന്നാൽ അഖിലേന്ത്യാ സമരമായതിനാൽ പിൻവലിക്കാനാവില്ലെന്നാണ് ലോറി ഉടമകൾ മന്ത്രിയെ അറിയിച്ചത്.

ഡീസൽ വിലവർധന, തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയിൽ പ്രതിഷേധിച്ചാണ് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് രാജ്യവ്യാപകമായി സമരം നടത്തുന്നത്. രാജ്യത്ത് 80 ലക്ഷത്തോളം ചരക്കു ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനാന്തര പെർമിറ്റുള്ള അരലക്ഷം ലോറികൾ ഉൾപ്പെടെ ആകെ 90,000 ലോറികളാണ് കേരളത്തിൽ സമരത്തില്‍ പങ്കെടുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ