മലപ്പുറം: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞ് കയറി 2 കുട്ടികൾ മരിച്ചു. പത്ത് വിദ്യാർഥികൾക്ക് പരുക്കേറ്റു. വഴിക്കടവ് സമീപത്തെ മണിമൂളിക്കടുത്തുള്ള ബസ്റ്റോപ്പിനടുത്ത് നിന്ന വിദ്യാർഥികൾക്കിടയിലേക്കാണ് ലോറി പാഞ്ഞ് കയറിയത്. അപകടത്തിൽ നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.

മണിമൂളിയിലെ ടി.കെ.എച്ച്.എസിലെ വിദ്യാർകളാണ് മരിച്ചവർ. 2 വിദ്യാർഥികളും സംഭവസ്ഥലത്ത്‌വച്ച് തന്നെ മരിച്ചു. കർണ്ണാടകയിൽ നിന്ന് കൊപ്ര ലോഡുമായി എത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്. 18 ചക്രങ്ങൾ ഉള്ള ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്. നാടുകാണി ചുരം ഇറങ്ങി വരുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്ക് കയറിയത്. വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നിയന്ത്രണം വിട്ട ലോറി റോഡിലുണ്ടായിരുന്ന ഓട്ടോ ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞ് കയറിയത്. പരുക്കേറ്റ കുട്ടികളെ നിലമ്പൂരിരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.