മാഹി: സിപിഎം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പളളൂര്‍ പൊലീസ് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ മസ്താന്‍ രജീഷ്, മഗനീഷ്, ഒ.പി.രജീഷ്, സുനി എന്നിവരുടെ ലുക്കൗട്ട് നോട്ടീസാണ് പുറപ്പെടുവിച്ചത്.

കേസ് അന്വേഷിക്കുന്നത് പോണ്ടിച്ചേരി പൊലീസാണ്. മാഹിയിലും കേരളത്തിലുമായാണ് അന്വേഷണം നടക്കുന്നത്. അതേസമയം, കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പ്രദേശത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കേരള അതിര്‍ത്തിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഷമേജും കൊല്ലപ്പെട്ടിരുന്നു. ഇരു സംഭവങ്ങളിലും അന്വേഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സംയുക്ത പൊലീസ് സംഘം അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാതിരുന്നതാണ് കേസിന്റെ ഇഴഞ്ഞുപോക്കിന് കാരണമായി പറയുന്നത്.

പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബാബുവിനെ വൈകിട്ട് വീട്ടിലേക്ക് പോകും വഴി വീടിന് സമീപത്ത് വച്ചാണ് നാല്‍വര്‍ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെയും കൊലപ്പെടുത്തി. ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.