തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസ്മിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുത്തിരുന്നു. പോക്‌സോക്കു പുറമേയാണ് ബലാല്‍സംഗത്തിന് കേസ് എടുത്തത്.

ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍മാരെ കൊച്ചിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പീഡിപ്പിക്കാനായി പെണ്‍കുട്ടിയെ കൊണ്ടുപോയ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ഇമാമിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇമാം ഷെഫീഖ് ഖാസിമി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പീഡനം വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി വൃത്തങ്ങള്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് ഇമാം ഷെഫീഖ് ഖാസിമി കൊണ്ട് പോയത് മനഃപൂര്‍വമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതി അധികൃതര്‍ പൊലീസിന് കൈമാറും.

തൊഴിലുറപ്പ് തൊഴിലാളികളുടെ മൊഴിയും നിര്‍ണായകമാണ്. ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഖാസിമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയില്ല. ഷെഫീഖ് ഖാസിമിയുടെ ജന്മനാട്ടിലും ബന്ധുവീട്ടിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്തിയില്ല.

സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഇമാമിന്റെ കാര്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയാണ് കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.