തൃശ്ശൂർ:പാന്പാടി നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടിസ്. ഒന്നാം പ്രതി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൾ ശക്തിവേൽ, അദ്ധ്യാപകരായ പ്രവീൺ, വിപിൻ, പബ്ലിക് റിലേഷൻസ് ഓഫീസർ സജിത്ത് എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.

കേസിൽ പ്രതിചേർത്ത ഉടൻ തന്നെ ഇവർ അഞ്ച് പേരും ഒളിവിലായിരുന്നു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ പി.കൃഷ്ണദാസ് അപേക്ഷ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം കോടതി പ്രതിക്ക് അനുവദിക്കുകയും ചെയ്‌തു. എന്നാൽ ഇതിനെ കോടതിയിൽ സർക്കാർ അഭിഭാഷകൻ എതിർത്തില്ലെന്നും, വിഷയത്തിൽ സർക്കാർ പി.കൃഷ്ണദാസിന് വേണ്ടി ഒത്തുകളിച്ചെന്നും ബന്ധുക്കൾ മുന്നോട്ട് വന്നു.

മുൻകൂർ ജാമ്യത്തിനായി പി.കൃഷ്ണദാസ് നൽകിയ ഹർജിയിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ അഭിഭാഷകൻ, പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി വാദിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

അതേസമയം പ്രതികളിൽ രാജ്യത്തിന് പുറത്തുകടക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനായി വിമാനത്താവളങ്ങളിലടക്കം ലുക്കൗട്ട് നോട്ടിസ് പതിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് കൂടാതെ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പി.ആർ.ഒ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ മുറിയിലെ കാമറകളാണ് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചത്.

കഴിഞ്ഞ ദിവസം കോളേജിൽ നടന്ന ഫോറൻസിക് പരിശോധനയിൽ രണ്ട് മുറികളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ജിഷ്ണു പ്രണോയി മരിച്ചു കിടന്ന മുറിയിലും, വൈസ് പ്രിൻസിപ്പലിന്റെ മുറിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. ഇതോടെ കോളേജ് അധികൃതരും മാനേജ്മെന്റും സംഭവത്തിൽ കൂടുതൽ പ്രതിരോധത്തിലായിരുന്നു. എന്നാൽ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോയെന്ന് വ്യക്തമായിട്ടില്ല.

ജിഷ്ണു പ്രണോയിയെ മർദ്ദിച്ചത് കോളേജിലെ ഇടിമുറിയെന്ന് പറയപ്പെടുന്ന വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. പിന്നീട് ഹോസ്റ്റൽ മുറിയോട് ചേർന്ന ശുചിമുറിയിലാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ജിഷ്ണുവിനെ എങ്ങോട്ടേയ്‌ക്കാണ് കൊണ്ടുപോയതെന്ന് ഇപ്പോഴും വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ