കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ അടച്ച മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ 51 ദിവസത്തിനുശേഷം തുറന്നതോടെ വന്‍ തിരക്ക്. രാവിലെ ഒന്‍പതിന് വില്‍പ്പന ആരംഭിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതിനു മുന്‍പ് തന്നെ ധാരാളം ആളുകള്‍ ക്യൂവില്‍ ഇടംപിടിച്ചു. പലയിടങ്ങളിലും വൈകുന്നേരം വരെയും വലിയ ക്യൂ തുടര്‍ന്നു.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിലെ ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളുമാണ് തുറന്നത്. സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലെറ്റുകളും തുറന്നതായാണു വിവരം. വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി അണുനശീകരണം നടത്തിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും അടച്ചത്. ഇതോടെ ബിവറേജസ് കോര്പറേഷന് 1700 കോടിയിലേറെ രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. 40 ദിവസം നീണ്ട ലോക്ക്ഡൗണില്‍ ഇന്നു മുതല്‍ ഇളവ് വരുത്തിയതോടെയാണു മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്.

മദ്യം വാങ്ങാനെത്തുന്നവരും വില്‍പ്പനകേന്ദ്രങ്ങളിലെ ജീവനക്കാരും കര്‍ശനമായി കോവിഡ് മാനദണ്ഡം പാലിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സാമൂഹ്യം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ മദ്യശില്പ്പന ശാലകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ തിരക്ക് കൂടിയതോടെ പലയിടങ്ങളിലും ഇതു പാലിക്കപ്പെട്ടില്ലെന്നും ക്യൂ സാധാരണ പോലെ ആയെന്നും വിവരമുണ്ട്.
Also Read: പ്രൈവറ്റ് ബസുകള്‍ക്ക് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കാം: ഗതാഗത മന്ത്രി
ബിവറേജസ് ഔട്ട്ലെറ്റുകള് രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവര്‍ത്തിക്കുക. ബാര്‍, ബിയര്‍ പാര്‍ലര്‍ എന്നിവയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദമില്ല. പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. പരമാവധി ചില്ലറ വില്‍പ്പന വില മാത്രമേ ഈടാക്കാവൂയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുകയും വേണം.

പ്രധാന നഗരങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളില് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില്ലറ വില്‍പ്പന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കാത്തതിനാല്‍ ബാറുകളില്‍നിന്നു മദ്യം വാങ്ങിയവരും കുറവല്ല.
കൊച്ചി ഷിപ്യാര്ഡ് ബെവ്കോ ഔട്ട്ലെറ്റില് രാവിലെ ഒന്പതിനു മുന്‍പ് തന്നെ ക്യൂ റോഡിലേക്കു നീണ്ടു. ഹൈക്കോടതിക്കു സമീപത്തെ ഔട്ട്ലെറ്റിലും ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം ഔട്ട്ലെറ്റിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവില്‍പ്പന പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനച്ചിരുന്നത്. ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രായോഗിക പ്രശ്നങ്ങള്‍ കാരണം ഈ സംവിധാനത്തെക്കുറിച്ചുള്ള ആലോചന ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനുശേഷം ബെവ്ക്യൂ മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് മദ്യവില്‍പ്പന പുനരരംഭിച്ചത്. ഒടിപി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ സ്ളോട്ട് ബുക്ക് ചെയ്ത് അതില്‍ പറയുന്ന ബെവ്കോ ഔട്ട്ലെറ്റില്‍നിന്നോ ബാറുകളില്നിന്നോ മദ്യം വാങ്ങുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ രീതി. ഈ സംവിധാനം ഇത്തവണയും നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം ആലോചിച്ചത്.
എന്നാല്‍ ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതും ഈ സംവിധാനത്തില്‍ കഴിഞ്ഞവര്‍ഷമുണ്ടായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് എതിര്‍പ്പ് അറിയിച്ചതുമാണ് പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ച് വില്‍പ്പന നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
അതിനിടെ, മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നത് സാമൂഹ്യമാധ്യമങ്ങളിലും ഹിറ്റായി. ട്രോളുകളുടെ തരംഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍. എവിടെയായിരുന്നു ഇത്രയും നാൾ എന്ന് ഉപഭോക്താക്കളോട് മദ്യം ചോദിക്കുന്ന ട്രോളൊക്കെ ഇക്കൂട്ടത്തിലുണ്ട്.