ആലപ്പുഴ: കാലിയായ എടിഎമ്മുകളും കടുത്ത ചാർജ് നിരക്കുകളുടെ വർധനയുമൊക്കെയായി പൊതുജനത്തിന്റെ നടുവൊടിഞ്ഞതിനാൽ ഇത്തവണ വിഷു, ഈസ്റ്റര്‍ നാളുകളുടെ പൊലിമ കുറയും. ആഘോഷ പൊലിമ കുറയാതിരിക്കാനുളള വഴികൾ തേടുകയാണ് ഓരോരുത്തരും. ആവശ്യത്തിന് നോട്ടില്ലാത്തതിനാല്‍ നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. എടിഎമ്മുകൾ തോറും പണമെടുക്കാൻ കയറിയിറങ്ങുന്ന മലയാളികളുടെ കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെമ്പാടും കാണുന്ന കാഴ്ച.

തുണിക്കടകളിലും പച്ചക്കറി വിപണികളിലും കച്ചവടം കുറഞ്ഞെന്നാണ് കച്ചവടക്കാർ പറയുന്നത്. മത്സ്യ, മാംസ മാര്‍ക്കറ്റുകളെയും നോട്ട് ക്ഷാമം സാരമായി ബാധിച്ചു. വേനലവധിയില്‍ യാത്രകളും ആഘോഷങ്ങളും ആസൂത്രണം ചെയ്തിരുന്നവരും എല്ലാം വെട്ടിച്ചുരുക്കി. വരും ദിവസങ്ങള്‍ നീണ്ട അവധിയുടേതാണ്. ഇതില്‍ ശനിയാഴ്ച മാത്രമാണ് പ്രവര്‍ത്തി ദിനം. അന്ന് അവധിയെടുത്താന്‍ നീണ്ട ദിവസങ്ങളാണ് ആഘോഷിക്കുവാന്‍ ലഭിക്കുക. അത് മൂന്‍കൂട്ടി പലരും യാത്രകൾക്കുള്ള ഒരുക്കങ്ങളും നടത്തിയതുമാണ്. എന്നാല്‍ നോട്ട് ക്ഷാമം കരിനിഴൽ വീഴ്ത്തി. ബുധനാഴ്ചയും സംസ്ഥാനത്തെ ഭൂരിപക്ഷം എടിഎമ്മികളും ട്രഷറികളും കാലിയായി തന്നെ തുടരുകയാണ്.

വിവിധ ക്ഷേമപെന്‍ഷനുകള്‍ വിശേഷദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നല്‍കണമന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബാങ്കില്‍ പണമില്ലാത്തതിനാല്‍ ആ ലക്ഷ്യവും കൈവരിക്കുവാൻ സാധിച്ചില്ല. വിവിധ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ കോടികളാണ് വിതരണം ചെയ്യാനുള്ളത്. ട്രഷറികള്‍ കാലിയായതിനാല്‍ സഹകണ സംഘങ്ങള്‍ വഴിയുള്ള ക്ഷേപെന്‍ഷന്‍ വിതരണം മുടങ്ങി. ട്രഷറികള്‍ക്ക് മുന്നില്‍ നീണ്ട വരികളാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുക. നോട്ട് നിരോധകാലത്തെ വരികളെ അനുസ്മരിപ്പിക്കും വിധം എടിഎമ്മുകളിലും ജനങ്ങള്‍ തിക്കിതിരക്കുന്നു.

ചില സ്വകാര്യബാങ്കുകളിലെ എടിഎമ്മുകളില്‍ പണം നിറക്കുന്നണ്ടെങ്കിലും ഉടന്‍ തന്നെ തീരും. രണ്ടായിരത്തിന്റെ നോട്ടുകളാണ് കൂടുതലും ലഭിക്കുന്നത്. ബാങ്കുകള്‍ പലതും അപ്രഖ്യാപിത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളെ കൂടുതല്‍ വെട്ടിലാക്കി. നിശ്ചിതതുകയ്ക്ക് കൂടുതലുള്ള പണം പിന്‍വലിക്കുന്നതിന് ചില ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും പരാതിയുണ്ട്. ചില ബാങ്കുകൾ ആ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമായും സേവനം ചുരുക്കിയിട്ടുണ്ട്. അതും പണം കിട്ടുന്നതിന് തടസ്സമായിട്ടുണ്ട്.

നോട്ട് നിരോധനം വന്ന് ആറ് മാസമായിട്ടും അതുണ്ടാക്കിയ നോട്ട് ക്ഷാമം പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനുളള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടന്നുവെങ്കിലും അതൊന്നും വിജയകരമായില്ല. ഡിജിറ്റൽ​ പണമിടപാട് സംവിധാനങ്ങളിലേയ്ക്കു തിരഞ്ഞവരിൽ ഭൂരിപക്ഷവും അധികം വൈകാതെ തന്നെ നാണയ ഇടപാടിലേയ്ക്ക് മാറിയിരുന്നു. ചെറുകിട കച്ചവടക്കാരും മറ്റുമാണ് ഇങ്ങനെ തിരികെ മാറിയവരിൽ ഭൂരിഭാഗവും. ഇപ്പോഴത്തെ നോട്ട് ക്ഷാമം സംസ്ഥാനത്തെ വ്യാപാരമേഖലയെ മാത്രമല്ല, സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും കൂടുതൽ കച്ചവടവും യാത്രകളും നടക്കുന്ന സമയങ്ങളിലൊന്നാണിത്. ആ സമയത്ത് ഈ​ നോട്ട് ക്ഷാമം അനുഭവപ്പെടുന്നത് വ്യാപാര, ടൂറിസം മേഖലകൾക്കു മാത്രമല്ല, മൊത്തമുളള സന്പദ് മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ