തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ വിമര്‍ശനങ്ങളെ ഭയന്ന് മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ആരാധനാലയങ്ങളെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചര്‍ച്ചയാക്കരുതെന്നും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വൈദികര്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുത്; മുന്നറിയിപ്പുമായി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകും. സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ചട്ടലംഘനമാണ്. ജാതി, മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം പെരുമാറ്റച്ചട്ടത്തിനെതിരെയാണ് മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും മീണ ആവര്‍ത്തിച്ചു.

Also Read: സ്ത്രീ സുരക്ഷയ്ക്കും 15 ലക്ഷം രൂപയ്ക്കും എന്ത് സംഭവിച്ചു? മോദിയോട് പ്രിയങ്ക

ചട്ടലംഘനം ഉണ്ടായാല്‍ കര്‍ക്കശമായ നടപടി എടുക്കും. മതങ്ങളെ ഉപയോഗിച്ച് വോട്ട് പിടിക്കേണ്ട. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല. അടുത്ത ദിവസം ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ടിക്കാറാം മീണ് വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങള്‍ അനുവദിക്കില്ലെന്നും ഇത് നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മീണ കൂട്ടിച്ചേര്‍ത്തു.

Also Read: പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള മത്സരിച്ചേക്കും; സുരേന്ദ്രന് അതൃപ്തി

എന്നാല്‍, ടിക്കാറാം മീണയെ തള്ളി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. സംസ്ഥാനത്തുണ്ടായ പൊതുവിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് പറയാന്‍ കമ്മീഷന് അവകാശമില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിക്കാറാം മീണയെ മാറ്റണമെന്നും ബിജെപിയും കോണ്‍ഗ്രസും പറയുന്നു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മതം പറഞ്ഞ് വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ് 2019: വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? പരിശോധിക്കേണ്ട വിധം

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നത്. എന്നാല്‍, അങ്ങനെ പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അവകാശമില്ലെന്നായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്. ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.