തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടാം സീറ്റില്ല. കോട്ടയം കൊണ്ട് തൃപ്തിപ്പെടണമെന്ന് മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം കേരളാ കോണ്‍ഗ്രസിനെ അറിയിച്ചു. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കെ.എം മാണി പ്രതികരിച്ചു. പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കുമെന്നും മാണി പറഞ്ഞു. അതേസമയം പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്.

പാർട്ടിയെ പ്രതിനിധാനം ചെയ്​ത്​​ കെ.എം. മാണി, പി.ജെ. ജോസഫ്​, ജോസ്​ കെ. മാണി, മോൻസ്​ ജോസഫ്​, ജോയി എബ്രഹാം എന്നിവരാണ്​ ചർച്ചക്കെത്തിയത്​. ഇവരുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്​ കൺവീനർ ബെന്നി ബഹനാൻ എന്നിവരാണ്​ ചർച്ച നടത്തിയത്​.

അധിക സീറ്റ് നൽകില്ലെന്നും ഇനി ചർച്ച നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് യോഗത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. കോട്ടയം സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസിന് തീരുമാനമെടുക്കാമെന്നും അറിയിച്ചു. രണ്ട് സീറ്റെന്ന ആവശ്യം മാണിയും പി.ജെ ജോസഫും മുന്നോട്ട് വെച്ചു. എന്നാല്‍ പിന്നീട് സാഹചര്യം മനസ്സിലാക്കി കടും പിടുത്തം ഒഴിവാക്കാന്‍ തയാറാണെന്ന് അറിയിച്ച് മാണി ആദ്യം തന്നെ വഴങ്ങി. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന പ്രതീക്ഷ തെറ്റിയതോടെ പി.ജെ ജോസഫും പിന്നോട്ട് പോയി.

അതേസമയം അന്തിമതീരുമാനം പാര്‍ട്ടി യോഗത്തിന് ശേഷം മാത്രം പ്രഖ്യാപിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഇതോടെ ഒരു മണിക്കൂറിലധികം നീണ്ട ചര്‍‌ച്ച അവസാനിപ്പിച്ച് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയെന്ന് പറയാതെ പറഞ്ഞ മാണി ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും മറന്നില്ല. വെള്ളിയാഴ്ച കോട്ടയത്ത് ചേരുന്ന കേരളകോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേയ്ക്ക് ജോസഫ് പോകുമോയെന്നാണ് ഇനി അറിയേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ