തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സിപിഎം ശനിയാഴ്ച പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എട്ടാം തീയതി എല്‍ഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എട്ടാം തീയതി ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുരോഗമിക്കും. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ഒന്‍പതാം തീയതി ശനിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുന്നണിയിലെ ചില കക്ഷികള്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സീറ്റുകള്‍ ആര്‍ക്കൊക്കെ നല്‍കണം എന്നത് മുന്നണിയാണ് തീരുമാനിക്കുക. മണ്ഡലത്തില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി ആരോ അവര്‍ക്കാണ് മുന്‍ഗണന നല്‍കുക. അത് എംഎല്‍എമാരാണെങ്കില്‍ അതിനനുസരിച്ച് മുന്നണി തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, മുന്നണിയില്‍ ആര്‍ക്കും അതൃപ്തികളില്ലെന്നും ആരും മുന്നണി വിട്ടുപോകില്ലെന്നും കോടിയേരി പറഞ്ഞു. മുന്നണിയിലേക്ക് വരാന്‍ മറ്റ് ചില പാര്‍ട്ടികള്‍ കാത്തിരിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.