കോഴിക്കോട്: മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് മുസ്‌ലിം ലീഗ്. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ഉപേക്ഷിച്ചതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുകയാണെന്നും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ലോക്‌സഭാ സീറ്റില്‍ വിട്ടുവീഴ്ച നടത്തിയതിന് പകരമായി രാജ്യസഭയില്‍ ഒഴിവുവരുന്ന സീറ്റില്‍ ലീഗിന് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ മുന്നോട്ടുവച്ചു.
പൊന്നാനി മണ്ഡലത്തില്‍ നിന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ തന്നെ ജനവിധി തേടും. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയായിരിക്കും സ്ഥാനാര്‍ത്ഥി. ഈ രണ്ട് സീറ്റുകളുമാണ് നിലവില്‍ മുസ്‌ലിം ലീഗിന് ഉള്ളത്. ഇരുവരും സിറ്റിങ് എംപിമാരാണ്.
പൊന്നാനിയില്‍ നിന്ന് ഇടിയെ മലപ്പുറത്ത് എത്തിക്കാന്‍ നേരത്തെ നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വം അത് അംഗീകരിച്ചില്ല. പി.കെ.കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ലീഗ് തീരുമാനമെടുത്തത്.