scorecardresearch

കുമ്മനം മത്സരരംഗത്തേക്ക്; ചൂടുപിടിച്ച് അനന്തപുരി

2014 ല്‍ നഷ്ടമായ സീറ്റ് എന്ത് വിലകൊടുത്തും സ്വന്തമാക്കുകയാണ് കുമ്മനത്തിനെ കളത്തിലിറക്കി ബിജെപി ലക്ഷ്യം വയ്ക്കുന്നത്

2014 ല്‍ നഷ്ടമായ സീറ്റ് എന്ത് വിലകൊടുത്തും സ്വന്തമാക്കുകയാണ് കുമ്മനത്തിനെ കളത്തിലിറക്കി ബിജെപി ലക്ഷ്യം വയ്ക്കുന്നത്

author-image
WebDesk
New Update
കുമ്മനം മത്സരരംഗത്തേക്ക്; ചൂടുപിടിച്ച് അനന്തപുരി

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് വണ്ടികയറുമ്പോള്‍ ചൂടുപിടിക്കുന്നത് അനന്തപുരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഈസി വാക്കോവറിലൂടെ ഒരു എംപി ഡല്‍ഹിയിലേക്ക് വണ്ടി കയറില്ലെന്ന് ഉറപ്പിക്കുകയാണ് കുമ്മനത്തിന്റെ വരവ്.

Advertisment

ഏതാനും നാളുകളായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരുന്നില്ല. എന്നാല്‍, ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം കേരളത്തിലെത്തുമ്പോള്‍ അത് തിരുവനന്തപുരം പിടിക്കാനുള്ള ഉറച്ച ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കമായി വേണം കാണാന്‍. കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച വാര്‍ത്ത പുറത്തുവന്ന ശേഷം ബിജെപി നേതൃത്വത്തിന്റെ പ്രതികരണവും അങ്ങനെയായിരുന്നു.

2009 ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന പി. രാമചന്ദ്രന്‍ നായരെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ശശി തരൂര്‍ അനന്തപുരിയില്‍ വിജയക്കൊടി പാറിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പി. രാമചന്ദ്രന്‍ നായരേക്കാള്‍ 14 ശതമാനം കൂടുതല്‍ വോട്ടുകളാണ് ശശി തരൂര്‍ സ്വന്തമാക്കിയത്. എന്നാല്‍, 2014 ലേക്ക് എത്തിയപ്പോള്‍ ശശി തരൂര്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാനാര്‍ത്ഥിയേക്കാള്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് അധികം നേടിയത്. 2009 ല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയാണ് അടുത്ത ലോക സഭ തിരഞ്ഞെടുപ്പില്‍  രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപിയുടെ സൗമ്യമുഖമായ ഒ.രാജഗോപാലാണ് 2014 ല്‍ തരൂരിന് തൊട്ടുപിന്നില്‍ ഉണ്ടായിരുന്നത്. പേയ്‌മെന്റ് സീറ്റ് വിവാദം ഇടതുമുന്നണിക്ക് തിരിച്ചടിയായി. സിപിഐ സ്ഥാനാര്‍ത്ഥി ബെനറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

2009 ല്‍ ശശി തരൂര്‍ 3,26, 725 വോട്ടുകളുമായി (44 ശതമാനം) വിജയിച്ചു കയറിയ മണ്ഡലത്തില്‍ 2014 ആകുമ്പോഴേക്കും രാഷ്ട്രീയ പരിസരം മാറിമറിഞ്ഞിരുന്നു. 2014 ല്‍ ശശി തരൂരിന്റെ വോട്ട് 2,97,806 ആയി കുറഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ ഒ.രാജഗോപാല്‍ നേടിയത് 2,82,336 വോട്ടുകളായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 32.32 ശതമാനമായിരുന്നു ഇത്. 2004 ല്‍ മണ്ഡലം പിടിച്ച സിപിഐ 2014 ലേക്ക് എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2009 ല്‍ നിന്ന് 2014 ലേക്ക് എത്തിയപ്പോള്‍ ബിജെപി തിരുവനന്തപുരം മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ വളര്‍ച്ച സ്വന്തമാക്കി.

Advertisment

2009 ല്‍ 84,094 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇത് 2014 ലേക്ക് എത്തിയപ്പോള്‍ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ വര്‍ധനവായി. ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 2009 ല്‍ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലെത്തിയ ശശി തരൂരിന് 2014 ലേക്ക് എത്തിയപ്പോള്‍ ഭൂരിപക്ഷം 15,000 ത്തില്‍ താഴെയായിരുന്നു. 2014ല്‍ കൈയെത്തുംദൂരത്തില്‍ നിന്നും നഷ്ടമായ സീറ്റ് എന്ത് വിലകൊടുത്തും സ്വന്തമാക്കുകയാണ് കുമ്മനത്തിനെ കളത്തിലിറക്കി ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

പേയ്‌മെന്റ് സീറ്റ് വിവാദം മറികടക്കാന്‍ മുതിര്‍ന്ന നേതാവ് സി. ദിവാകരനെയാണ് സിപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മന്ത്രി, എഐടിയുസി സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, തുടങ്ങിയ നിലകളിലെല്ലാം സി. ദിവാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്. ഇത് തന്നെയാണ് ദിവാകരനെ തിരുവനന്തപുരത്ത് പരിഗണിക്കാനുള്ള കാരണവും. പാര്‍ട്ടി വോട്ടുകളില്‍ വിള്ളല്‍ വീഴാതിരിക്കുകയാണ് ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സിപിഐ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ നെടുമങ്ങാട് എംഎല്‍എയാണ് ദിവാകരന്‍.

രണ്ട് ടേമുകളിലായി മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ശശി തരൂര്‍ മത്സരംഗത്തേക്ക് എത്തുന്നത്. ഹാട്രിക് വിജയത്തിനപ്പുറം മറ്റൊന്നും തരൂര്‍ ലക്ഷ്യംവയ്ക്കുന്നില്ല.

എന്നാല്‍, ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമ്പോള്‍ 2014 നേക്കാള്‍ വലിയ പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലാണ് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ആദ്യ സ്ഥാനത്തുള്ള മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയം മുന്‍നിര്‍ത്തി ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുകയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതിലേക്ക് ഏറ്റവും സുഗമമായ വഴി കുമ്മനം രാജശേഖരന്‍ തന്നെയാണെന്ന് പാർട്ടി നേതൃത്വവും അംഗീകരിക്കുന്നു.

Bjp Kummanam Rajasekharan Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: